
പുലാപ്പറ്റ (പാലക്കാട്): പാലക്കാട് പുലാപ്പറ്റയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടംപറമ്പത്ത് കിഴക്കേതിൽ ചുമട്ടുതൊഴിലാളിയായ കൃഷ്ണകുമാറിന്റെയും സുമിഷയുടെയും മകൻ യുവാൻ ആണ് മരിച്ചത്.
അർധരാത്രിയോടെ കുഞ്ഞിന് മുലപ്പാൽ നൽകിയ ശേഷം മാതാവിന്റെ സമീപത്ത് കിടത്തിയിരുന്നു. ബുധനാഴ്ച രാവിലെ ഏഴ് മണിയായിട്ടും കുഞ്ഞ് ഉണരാത്തതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഞ്ഞിന്റെ മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു. പാൽ തൊണ്ടയിൽ കുടുങ്ങിയതാണോ മരണത്തിന് കാരണമായതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധനയ്ക്കുശേഷം മാത്രമേ വ്യക്തമാകൂ.
തുടർനടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരി: അശ്വിത.










