
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ ഇന്ന് വിധി പറഞ്ഞത്. സുനിൽ എൻ.എസ്. (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലീം), പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ ശിക്ഷ 12ന് വിധിക്കും. അതേസമയം, എട്ടാംപ്രതി നടൻ ദിലീപ് ഉൾപ്പെടെ നാലുപേരെ കോടതി കുറ്റവിമുക്തരാക്കി.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നകേസിൽ വിധിവരുന്നത് സംഭവംനടന്ന് എട്ടുവർഷത്തിനുശേഷമാണ്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.
പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്. സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളിൽ ത്തന്നെ പൾസർ സുനി ഉൾപ്പെടെയുള്ളവർ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലായിലാണ് നടൻ ദിലീപ് അറസ്റ്റിലായത്.
2018 മാർച്ച് എട്ടിനാണ് വിചാരണ നടപടി ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. രഹസ്യവിചാരണയാണ് നടന്നത്. പിന്നീട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാംകുറ്റപത്രം നൽകി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു കെ. പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ആദ്യ പ്രതിപ്പട്ടികയിൽ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.
അതിജീവിതയും പ്രതികളിലൊരാളും സിനിമാമേഖലയിൽനിന്നാണെന്നതും കേസിൽ അതിജീവിത സ്വീകരിച്ച ശക്തമായ നിലപാടുകളുമെല്ലാം കാരണം വിഷയം ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമാമേഖലയിൽ വിമെൻ ഇൻ സിനിമ കളക്ടീവ് എന്ന വനിതാ കൂട്ടായ്മയുടെ രൂപവത്കരണത്തിന് കാരണമായതും നടിക്കുനേരേയുണ്ടായ ഈ അതിക്രമമാണ്. സിനിമാമേഖലയിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് റിപ്പോർട്ട്‌നൽകാൻ സർക്കാർ പിന്നീട് ഹേമ കമ്മിറ്റിയെ നിയമിച്ചു.
2018-ലാണ് കേസ് വിചാരണ തുടങ്ങിയത്. കോവിഡ് ലോക്ഡൗൺമൂലം രണ്ടുവർഷത്തോളം വിചാരണ തടസ്സപ്പെട്ടു. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ സമയപരിധിയൊന്നും പാലിക്കാൻ കഴിഞ്ഞില്ല. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ്
കേസിൽ മുൻപ് രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചിരുന്നു. പിന്നീട് നിയമിക്കപ്പെട്ട സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വി.അജകുമാറാണ് സാക്ഷി വിസ്താരം പൂർത്തിയാക്കിയത്.
പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവർഷം സെപ്റ്റംബറിൽ പൂർത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. തുടർന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. ഈ വർഷം ആദ്യത്തോടെ വിധി പ്രസ്താവിക്കുമെന്ന് കരുതപ്പെട്ട കേസിലാണ് ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്.











