11:41pm 01 August 2026
NEWS
'അമരൻ' പോലെ തന്നെയാണത്രെ ശിവകാർത്തികേയന്റെ 'പരാശക്തി'യും...
31/01/2025  04:00 PM IST
അമരൻ പോലെ തന്നെയാണത്രെ ശിവകാർത്തികേയന്റെ പരാശക്തിയും...

മിഴിൽ ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രമാണ്  'അമരൻ'. ഈയിടെ റിലീസായി വമ്പൻ വിജയമായ ഈ ചിത്രം സൈനികനായ മുകുന്ദ് വരദരാജൻ്റെ ജീവിത ചരിത്രത്തെ (ബയോപ്പിക്ക്) ആസ്പദമാക്കിയാതായിരുന്നു. ഇതുപോലൊരു ബയോപ്പിക്ക് ചിത്രമായാണ് സുധ കൊങ്കരയുടെ സംവിധാനത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്ന 'പരാശക്തി'യും ഒരുങ്ങുന്നത്. ഈ ചിത്രത്തിൽ വില്ലനായി രവി മോഹനും (ജയം രവി), നായികയായി ശ്രീ ലീലയും, മറ്റൊരു പ്രധാന കഥാപാത്രത്തിൽ അഥർവയുമാണ് അഭിനയിക്കുന്നത്. ആദ്യം 'പുറനാനൂറ്' എന്ന പേരിൽ സൂര്യ അഭിനയിക്കാനിരുന്ന ചിത്രമാണ് ഇപ്പോൾ 'പരാശക്തി'യായി ഒരുങ്ങുന്നത്. 1965-ൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ 'പരാശക്തി'.  അതായത്, തമിഴ്നാട്ടിൽ 1965 ജനുവരി 27-ന് ഹിന്ദി ഭാഷ അടിച്ചേൽപ്പിച്ചതിൽ പ്രതിഷേധിച്ച്  യുവാക്കൾ പല സ്ഥലങ്ങളിലും തീയിടുകയും,  മധുരയിൽ ഹിന്ദി ഭാഷയ്‌ക്കെതിരെ പോരാടിയ വിദ്യാർത്ഥികൾക്ക് നേരെ  സർക്കാർ ചൂരൽ പ്രയോഗം നടത്തുകയുമുണ്ടായി. ഈ സംഭവങ്ങളെ അപലപിച്ച് ചിദംബരം അണ്ണാമലൈ സർവകലാശാലയിലെ വിദ്യാർഥികൾ റാലി നടത്തിയപ്പോൾ  വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നിയമ നടപടികൾ എടുത്തതിൽ  രാജേന്ദ്രൻ എന്ന വിദ്യാർത്ഥി നെറ്റിയിൽ വെടിയേറ്റ് മരണപെട്ടു. അങ്ങിനെയുണ്ടായ ഈ ഭാഷായുദ്ധത്തിൽ മരിച്ച രാജേന്ദ്രന്റെ ത്യാഗ സ്മരണയ്ക്കായി ചിദംബരം അണ്ണാമലൈ സർവകലാശാലയിൽ രാജേന്ദ്രന്റെ പ്രതിമ സ്ഥാപിക്കുകയും, ആ പ്രതിമയെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇങ്ങിനെ ഭാഷായുദ്ധ രക്തസാക്ഷിയായ വിദ്യാർത്ഥി രാജേന്ദ്രന്റെ ജീവിത ചരിത്രമാണ് ഇപ്പോൾ 'പരാശക്തി' എന്ന പേരിൽ ഒരുങ്ങുന്നത്. വിമാന കമ്പനി സ്ഥാപകനായ  ജി.ആർ.ഗോപിനാഥിന്റെ ബയോപ്പിക്കായി ഒരുങ്ങിയ ചിത്രമാണ് സുധ കൊങ്കരയും, സൂര്യയും ആദ്യമായി ഒന്നിച്ചൊരുക്കിയ 'സൂരരൈ  പോട്രു' എന്ന ചിത്രം. വമ്പൻ വിജയമായ  ഈ ചിത്രത്തിന് ശേഷം സുധ കൊങ്കര ഒരുക്കുന്ന ചിത്രം എന്ന നിലയിലും ശിവകാർത്തികേയൻ നായകനാകുന്ന ചിത്രം എന്ന നിലയിലും വളരെ ശ്രദ്ധേയമായിട്ടുണ്ട് 'പരാശക്തി'.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img