
തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനോട് നേരിട്ട് അറിയിച്ചെന്ന് ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠത്തോടും ശ്രീനാരായണ പ്രസ്ഥാനങ്ങളോടും അടുപ്പമുള്ള ഒൻപത് പേർ ഇത്തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും, ഇവരിൽ യോഗ്യതയുള്ള മൂന്ന് മുതൽ നാല് പേർ വരെ മന്ത്രിസഭയിൽ ഉൾപ്പെടണമെന്ന ആവശ്യം മുന്നോട്ടുവെച്ചതായും അദ്ദേഹം വ്യക്തമാക്കി.
പിന്നാക്കക്ഷേമ വകുപ്പ്, പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് തുടങ്ങിയ സുപ്രധാന വകുപ്പുകൾ മഠവുമായി ബന്ധപ്പെട്ട പ്രതിനിധികൾക്ക് നൽകണമെന്നും സ്വാമി ആവശ്യപ്പെട്ടു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനത്തിലും പ്രവർത്തനത്തിലും കർശനമായ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള കൗമുദി എഡിറ്റോറിയലിലൂടെ ആറുപേർക്ക് മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും, കുറഞ്ഞത് മൂന്ന് അല്ലെങ്കിൽ നാല് പേർക്ക് എങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മഠമെന്നും, മുഖ്യമന്ത്രി അതിന് അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന വിശ്വാസമുണ്ടെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.










