
കൊച്ചി: മുകേഷ് എംഎൽഎയ്‌ക്കെതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. പല സ്ഥലങ്ങളിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടിയുടെ പരാതിയിൽ മുകേഷിനെതിരെ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
മുകേഷിനെതിരായ ഡിജിറ്റൽ, സാഹചര്യ തെളിവുകൾ അടക്കം അടങ്ങുന്നതാണ് കുറ്റപത്രം. പരാതിക്കാരിയുമായി മുകേഷ് നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നുണ്ട്. നടിയുടെ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തിരുന്നത്. താര സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി.











