
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന വാഗ്ദാനത്തിന്റെ മറവിൽ 549.22 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി ജി.എസ്.ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കണ്ടെത്തൽ. പ്രധാന സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ നേതൃത്വത്തിലാണ് ഈ തട്ടിപ്പ് അരങ്ങേറിയത്. കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത വിദേശനാണ്യ ഇടപാടുകൾ, രഹസ്യ ഡോളർ അക്കൗണ്ട് ഇടപാടുകൾ, ആദായനികുതി വെട്ടിപ്പ് തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
പ്രധാന കണ്ടെത്തലുകൾ:
ഉറവിടമില്ലാത്ത പണം: സമാഹരിച്ച 549.22 കോടിയിൽ 212.75 കോടി രൂപ മാത്രമാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ. ബാക്കി വന്ന 336.47 കോടി രൂപയുടെ ഉറവിടം വ്യക്തമല്ല. ഇതിൽ 234.31 കോടി രൂപ കള്ളപ്പണമാണെന്നാണ് കണ്ടെത്തൽ.
രഹസ്യ അക്കൗണ്ടുകൾ: ഔദ്യോഗിക രേഖകളിൽ ഒരിടത്തും പരാമർശിക്കാത്ത ആറ് രഹസ്യ അക്കൗണ്ടുകൾ വഴിയാണ് മുഴുവൻ തുകയും സ്പോൺസറുടെ മെയിൻ അക്കൗണ്ടിലേക്ക് മാറ്റിയത്.
സർക്കാരിന് നികുതി നഷ്ടം: ജി.എസ്.ടി വെട്ടിപ്പും സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ നടത്തിയ തട്ടിപ്പും ഉൾപ്പെടെ സംസ്ഥാന സർക്കാരിന് ആകെ 25.78 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായി.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ശുപാർശ
ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് എസ്.ഐ.ടി സർക്കാരിന് കൈമാറി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ്, ആർ.ബി.ഐയുടെ ഫെമ വിഭാഗം, സെൻട്രൽ ജി.എസ്.ടി ഇന്റലിജൻസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷണം കൈമാറണമെന്നാണ് പ്രധാന ശുപാർശ.
കൂടാതെ, സാമ്പത്തിക തിരിമറികൾ തടയുന്നതിൽ വീഴ്ച വരുത്തിയ ചില ജി.എസ്.ടി ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടിയെടുക്കാനും മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.











