07:32pm 03 August 2026
NEWS
അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് എസ്.ഐ.ടി.; ഒളിവിലുള്ള മുഖ്യപ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
03/08/2026  04:41 PM IST
NILA
അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് എസ്.ഐ.ടി.; ഒളിവിലുള്ള മുഖ്യപ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്


കണ്ണൂർ: അധ്യാപികമാർ പ്രതികളായ ലഹരി ഇടപാട് കേസിൽ ഒളിവിലുള്ള മുഖ്യപ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നീക്കം തുടങ്ങി. നേരത്തെയും ലഹരിക്കേസിൽ പ്രതിയായ വയനാട് പുൽപ്പള്ളി സ്വദേശിയെ കണ്ടെത്താനുള്ള അന്വേഷണം കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്.

അന്വേഷണത്തിനിടെ പ്രതിയുടെ പുതിയ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇയാളെ ഉടൻ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ കേസിൽ പ്രതിചേർത്ത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനം.

അറസ്റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരുടെയും ഇരിട്ടി സ്വദേശി ജിജിൻ കുര്യക്കോസിന്റെയും പ്രധാന കണ്ണിയായാണ് ഒളിവിലുള്ള പ്രതിയെ അന്വേഷണ സംഘം കണക്കാക്കുന്നത്. എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഇയാൾ അധ്യാപികമാരുടെ അറസ്റ്റ് നടന്നതിന് പിന്നാലെ ഒളിവിൽ പോയതായും ഫോൺ ഉപയോഗം പൂർണമായി അവസാനിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ജിജിൻ കുര്യക്കോസുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇരുവരും തമ്മിൽ വലിയ തോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രാജ്യം വിടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നത്.

അതേസമയം, ജിജിൻ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയ പണത്തിന്റെ വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ഈ അക്കൗണ്ടുകളുടെ യഥാർഥ ഉടമകളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബാങ്ക് രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുന്ന നടപടി പൂർത്തിയാകുന്നതോടെ കേസിൽ കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന സൂചനയാണ് എസ്.ഐ.ടി. നൽകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img