
കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിൽ നടക്കുന്ന നാത്തൂൻ പോരിലാണ് ഇക്കുറി രാഷ്ട്രീയ കേരളം കൗതുകത്തോടെ നോക്കികാണുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബന്ധുക്കൾ പരസ്പരം മത്സരിക്കുന്നത് അത്ര വിചിത്രമല്ല. എന്നാൽ, നാത്തൂന്മാർ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥികളായി എത്തിയതോടെ കോളയാട് പഞ്ചായത്തിലെ നാത്തൂൻ പോര് കേരളമാകെ ചർച്ചയാകുകയാണ്.
കോളയാട് പഞ്ചായത്തിലെ പാടിപ്പറമ്പ് വാർഡിലാണ് നാത്തൂന്മാരായ കെ വി ശോഭനയും രൂപ വിശ്വനാഥനും ജനവിധി തേടുന്നത്. ശോഭന ഇടത് മുന്നണി സ്ഥാനാർത്ഥിയായി രംഗത്തെത്തിയപ്പോൾ രൂപാ വിശ്വനാഥൻ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്.
ഇരിട്ടിയിൽ സഹകരണ ബാങ്ക് ജീവനക്കാരിയാണ് രൂപാ വിശ്വനാഥൻ. മഹിളാ കോൺഗ്രസ് കോളയാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാണ്. പേരാവൂർ ബ്ലോക്ക് ആലച്ചേരി ഡിവിഷനിൽ കഴിഞ്ഞ തവണ ജനവിധി തേടിയെങ്കിലും നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടു. ഭർത്താവ് വിശ്വനാഥൻ കെഎസ്എഫ്ഇയിൽ കളക്ഷൻ ഏജന്റാണ്.
സിപിഎം പാടിപ്പറമ്പ് ബ്രാഞ്ചംഗമായ ശോഭന കുടുംബശ്രീ പ്രവർത്തന രംഗത്തും സജീവമാണ്. ശോഭനയുടേത് കന്നി മത്സരമാണ്. ഭർത്താവ് സത്യനാഥന് കൂത്തുപറമ്പിൽ ബിസിനസാണ്. നാത്തൂന്മാരാണെങ്കിലും സഹോദരീസ്‌നേഹത്തോടെയാണ് ഇരുവരും കഴിയുന്നത്. പ്രചാരണ വേളയിൽ വ്യക്തിപരമായ യാതൊരു പരാമർശവും നടത്തില്ലെന്നും ഇരുവരും പറയുന്നു.











