
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ.) നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബി.എൽ.ഒ.) പൂർണ പിന്തുണ ഉറപ്പാക്കുമെന്നും അവരുടെ പരാതികൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.എൽ.ഒമാർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും അവരുടെ വിഷമങ്ങളിൽ കമ്മീഷൻ കൂടെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പരാതികൾ ബൂത്തുതല സൂപ്പർവൈസർമാർക്കോ കളക്ടർമാർക്കോ നൽകാവുന്നതാണ്.
പ്രധാന തീരുമാനങ്ങൾ:
ഐ.ടി ഹബ്ബുകൾ: ഫോം പൂരിപ്പിച്ച് തിരിച്ചുവാങ്ങുന്ന നടപടികൾ പൂർത്തിയാക്കാൻ ഐ.ടി ഹബ്ബുകൾ ഒരുക്കും. വോളന്റിയർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ സഹായികളായി നിയോഗിക്കും.
ബി.എൽ.എമാർ: കൂടുതൽ ബൂത്ത് ലെവൽ ഏജന്റുമാരെ (ബി.എൽ.എ.) നിയോഗിച്ച് രാഷ്ട്രീയ പാർട്ടികളുടെ പരാതികൾ പരിഹരിക്കും.
സമയപരിധി: സംസ്ഥാനത്ത് 97 ശതമാനം ഫോം വിതരണം പൂർത്തിയായി. ഫോം പൂരിപ്പിച്ച് വാങ്ങുന്നതിന് ഡിസംബർ നാല് വരെയാണ് സമയപരിധി. അതിന് നാലോ അഞ്ചോ ദിവസം മുമ്പ് നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഒഴിവാക്കപ്പെട്ട വോട്ടർമാർ:
ഇതുവരെ 55,000 വോട്ടർമാർക്ക് ഫോം നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട് ലഭിച്ചു. ഇതിൽ 29,000 പേർ മരിച്ചവരും 20,000 പേർ സ്ഥലം മാറിപ്പോയവരുമാണ്. 3800 പേർ ഇരട്ടിപ്പാണ്. ഈ വിവരം ബി.എൽ.എമാരുടെ യോഗം വിളിച്ച് അറിയിച്ച്, അഭിപ്രായങ്ങൾ ഒപ്പിട്ട് വാങ്ങി ഇലക്ഷൻ കമ്മീഷന് സമർപ്പിക്കും.ആലപ്പുഴ കളക്ടറുടെ ശബ്ദസന്ദേശം; ബി.എൽ.ഒമാർക്ക് വിമർശനം
എസ്.ഐ.ആർ. നടപടികളിൽ ബി.എൽ.ഒമാരെ ശാസിക്കുന്ന ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ ശബ്ദസന്ദേശം പുറത്തായി. ബി.എൽ.ഒമാരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് കളക്ടർ വിമർശനം ഉന്നയിച്ചത്.
"പലരും ചടങ്ങിനുവേണ്ടി അഞ്ചോ ആറോ വീടുകളിൽ കയറി നടപടി പൂർത്തിയാക്കുന്നു. പലർക്കും യാതൊരു സീരിയസ്നെസുമില്ല. ആലപ്പുഴ ജില്ല ഏറ്റവും മോശമായി പോകുന്നു," തുടങ്ങിയ വിമർശനങ്ങളാണ് സന്ദേശത്തിലുള്ളത്.
കായംകുളം, ഹരിപ്പാട് മേഖലകളിൽ മിന്നൽ പരിശോധന നടത്തിയ ശേഷമാണ് കളക്ടറുടെ ശാസന. അതേസമയം, പ്രചരിക്കുന്ന സന്ദേശം എസ്.ഐ.ആർ. നടപടികളുടെ തുടക്കസമയമായ നവംബർ 10-ന് നൽകിയതാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ സംഭവത്തിന് പിന്നാലെ കണ്ണൂരിൽ ബി.എൽ.ഒ. അനീഷ് ജോർജ് ആത്മഹത്യ ചെയ്തിരുന്നു. പശ്ചിമ ബംഗാളിലും എസ്.ഐ.ആർ. ജോലിയുടെ സമ്മർദ്ദത്തെ തുടർന്ന് ഒരു വനിതാ ബി.എൽ.ഒ. (ശാന്തിമുനി ഒറാവോ - 48) ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുണ്ട്.
കേരളത്തിലെ എസ്.ഐ.ആർ: ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും
കേരളത്തിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ.) അടിയന്തരമായി നിർത്തിവയ്ക്കണമെന്ന ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച ( പരിഗണിക്കും. സി.പി.എം., കെ.പി.സി.സി., മുസ്ലിം ലീഗ് നേതാക്കളും സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയും ആണ് ഹർജികൾ സമർപ്പിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്.ഐ.ആർ. മാറ്റി വയ്ക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. രണ്ടും ഒരേസമയം നടക്കുന്നത് ഭരണസ്തംഭനമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ നിലപാട് നിർണ്ണായകമാകും.











