07:21am 12 November 2026
NEWS
എസ്ഐആറിന്റെ ഭാ​ഗമായി കേരളത്തിൽ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത് 25 ലക്ഷത്തിലധികം വോട്ടർമാർ
15/12/2025  03:09 PM IST
nila
എസ്ഐആറിന്റെ ഭാ​ഗമായി കേരളത്തിൽ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത് 25 ലക്ഷത്തിലധികം വോട്ടർമാർ

തിരുവനന്തപുരം: എസ്ഐആറിന്റെ ഭാ​ഗമായി കേരളത്തിൽ ലക്ഷക്കണക്കിന് പേരെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കുന്നുവെന്ന് ആരോപണം. 2025 ഒക്‌ടോബറിലെ വോട്ടർ പട്ടികയിൽ നിന്ന് 25 ലക്ഷത്തിലധികം വോട്ടർമാരെ ഒഴിവാക്കിയെന്ന് രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. 2025 ഒക്ടോബറിലെ വോട്ടർപട്ടികയിൽ 2,78,59,855 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇവരിൽ നിന്നും  25,01,012 പേരാണ് കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാകുന്നത്. ഇതിൽ  6,44,547 പേർ മരിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. കണ്ടെത്താനാകാത്തവർ 7,11,958, സ്ഥിരമായി താമസം മാറിയവർ 8,19,346, ഒന്നിലധികം തവണ പേര് ചേർത്തവർ 1,31,530, മറ്റ് കാരണങ്ങൾ 1,93,631 എന്നിങ്ങനെയാണ് ഒഴിവാക്കപ്പെടുന്നവരുടെ കണക്ക്. സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് സിപിഎം, കോൺഗ്രസ്, മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തി. 

എന്യൂമറേഷൻ ഫോമുകളുടെ 99.96 ശതമാനവും തിരികെ ലഭിക്കുകയും 99.77 ശതമാനം ഡിജിറ്റൈസ് ചെയ്യുകയും ചെയ്ത ശേഷമാണ് ഇത്രയും പേർ പട്ടികയിൽ നിന്ന് പുറത്തായതെന്ന് കമ്മീഷൻ വിശദീകരിക്കുന്നു. മരണം, സ്ഥിര താമസമാറ്റം, മറ്റിടങ്ങളിൽ പേര് ചേർത്തത്, ഇരട്ടവോട്ട് തുടങ്ങിയ കാരണങ്ങളാലാണ് ഒഴിവാക്കലെന്ന് അധികൃതർ പറയുന്നു. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം തർക്കമുള്ളവർക്ക് രേഖകൾ ഹാജരാക്കി വീണ്ടും പേര് ചേർക്കാനുള്ള അവസരം നൽകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കർ അറിയിച്ചു. എന്നാൽ കണക്കുകളിൽ വ്യക്തതയില്ലെന്നും എസ്‌ഐആർ നടപടികളുടെ കാലാവധി നീട്ടണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.

ജില്ലാതല കണക്കിൽ ഏറ്റവും കൂടുതൽ ഒഴിവാക്കൽ തിരുവനന്തപുരം ജില്ലയിലാണ് – 4,36,857 പേർ. എറണാകുളം (3,34,962), തൃശൂർ (2,56,842), പാലക്കാട് (2,00,070), കോഴിക്കോട് (1,94,588), മലപ്പുറം (1,79,673), കൊല്ലം (1,68,018), കോട്ടയം (1,66,010) തുടങ്ങിയ ജില്ലകളും ഉയർന്ന കണക്കിലാണ്. കാസർകോട്, വയനാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലും ആയിരങ്ങൾ പട്ടികയ്ക്ക് പുറത്തായി. ഇവരുടെ പേരുകൾ കരട് പട്ടികയിൽ ഉണ്ടാകില്ല; അനുബന്ധ പട്ടികയായി പ്രസിദ്ധീകരിക്കും. രേഖകൾ സമർപ്പിച്ച് പുതുതായി പേര് ചേർക്കേണ്ടിവരും.

ഡിസംബർ 18നാണ് എസ്‌ഐആർ നടപടികൾ അവസാനിക്കുക. 23ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ എതിർപ്പുകൾ നൽകാം. ഫെബ്രുവരി 14 വരെ പരിശോധനയും ഹിയറിങ്ങും പൂർത്തിയാക്കി 21ന് അന്തിമ പട്ടിക പുറത്തിറക്കും.

ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ശക്തമായ വിമർശനമാണ് ഉയർത്തുന്നത്. മരിച്ചവരെയും ഇരട്ടവോട്ടിനെയും ഒഴിവാക്കിയാൽ ഏകദേശം 18 ലക്ഷം പേരെ അന്യായമായി വെട്ടിനിരത്തുകയാണെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ ആരോപിച്ചു. എന്യൂമറേഷൻ ഫോം നൽകാൻ ആളുകൾ വിസമ്മതിച്ചുവെന്ന വാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒഴിവാക്കിയവരുടെ പേരുകൾ ഉൾപ്പെടുത്തി തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് എം.കെ. റഹ്മാൻ ആവശ്യപ്പെട്ടു.

വോട്ടർ പട്ടികയിലെ പത്തു ശതമാനത്തോളം പേരാണ് ഇല്ലാതാകുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടി. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രത്യേകം പ്രസിദ്ധപ്പെടുത്തി അപേക്ഷ സ്വീകരിച്ച് അർഹരെയെല്ലാം ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, യോഗ്യതയില്ലാത്തവരെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐആർ നടപ്പാക്കുന്നതെന്നും അതിനെ അട്ടിമറിക്കാൻ ശ്രമിക്കരുതെന്നും ബിജെപി നേതാവ് ജെ.ആർ. പത്മകുമാർ പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img