07:08pm 10 November 2026
NEWS
എസ്ഐആർ ജനാധിപത്യവിരുദ്ധം - ഡോ. കെ.എസ്. മനോജ്
10/11/2026  06:40 PM IST
nila
എസ്ഐആർ  ജനാധിപത്യവിരുദ്ധം - ഡോ. കെ.എസ്. മനോജ്

 

ഹരിപ്പാട് : ജനാധിപത്യത്തെയും പൗരാവകാശത്തെയും സംരക്ഷിക്കുവാനുള്ള നമ്മുടെ രാജ്യത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കല സാഹിത്യ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ കേരളം വിഥ് ജന്തർ മന്ദിറിന്റെ ജില്ലാ ഘടക രൂപീകരണ യോഗം മുട്ടം നേതാജി സെൻററിൽ നടന്നു. സാംസ്കാരിക പ്രവർത്തകനായ റ്റി.വി. വിനോബിൻ്റെ അധ്യക്ഷതയിൽ മുൻ എംപി ഡോ.കെ.എസ്. മനോജ് യോഗം ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് നടപടിയേയും അട്ടിമറിക്കാനാണ് എസ്ഐആർ നടപ്പിലാക്കിയതെന്നും ഭാവിയിൽ ഇത് പൗരാവകാശത്തിന്റെ കടക്കൽ കത്തിവയ്ക്കുന്ന ഒന്നായി മാറുമെന്നും ഡോ.കെ.എസ്. മനോജ് പറഞ്ഞു. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ വൈദേശികരെന്ന് മുദ്രകുത്തി, തലമുറകളായി ജീവിച്ചു പോരുന്ന ജനതയെ ജനിച്ച മണ്ണിൽ നിന്നും പറിച്ചെറിയുവാനുള്ള നടപടിയുടെ മുന്നോടിയായി നാം ഇതിനെ കാണണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. കവിയും ചലച്ചിത്ര ഗാന രചയിതാവും മുൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് അംഗവുമായ ജി. നിശീകാന്ത്, പ്രമുഖ ചിത്രകാരൻ ആർ. പാർത്ഥസാരഥി വർമ്മ, കെ. സോമനാഥൻ പിള്ള, കവിയും സാംസ്കാരിക പ്രവർത്തകനുമായ മധു ചെങ്ങന്നൂർ, എൻ. കരുണാകരൻ, അഡ്വ.ബി.കെ. രാജഗോപാൽ, പത്തിയൂർ വിശ്വൻ, എസ്. സീതിലാൽ, എസ്. സൗഭാഗ്യകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. 

നവംബർ 21ന് കലാ സാഹിത്യ രംഗത്തെ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മാവേലിക്കരയിൽ ജന്തർമന്ദിർ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുവാനും നവംബർ 26ന് എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഭരണഘടന വായിച്ചുകൊണ്ടുള്ള ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. മുൻ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ, രാജൻ കൈലാസ്, മധു തൃപ്പരുന്തുറ, അഡ്വ.കെ.ആർ. മുരളീധരൻ, ജെയ്സ്  പാണ്ടനാട്, റ്റി. ഗോപാലകൃഷ്ണൻ തമ്പി, ജെ. ഷൈലജ, എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും ഡോ. കെ.എസ്. മനോജ് ചെയർമാനായും ആർ. പാർഥസാരഥി വർമ്മ ജനറൽ കൺവീനറായും, ജി. നിശീകാന്ത് , അഡ്വ.ഒ. ഹാരിസ്, കെ. അംബുജാക്ഷൻ, കെ. സോമനാഥൻ പിള്ള, എൻ. കരുണാകരൻ, എസ്. സൗഭാഗ്യകുമാരി എന്നിവർ വൈസ് ചെയർമാൻമാരായും  റ്റി.വി. വിനോബ്, മധു ചെങ്ങന്നൂർ, എൻ.ആർ. അജയകുമാർ, പി.ആർ. സതീശൻ, കെ.ആർ. ശശി എന്നിവർ കൺവീനർമാരായും അഡ്വ. സുരേഷ് കുറത്തിക്കാട്, ജേക്കബ് ഉമ്മൻ, സുദർശൻ ആലുംമൂട്, സിബീഷ് ചെറുവല്ലൂർ തുടങ്ങി 51 അംഗ ജില്ലാ ഘടകത്തിന് യോഗം രൂപം കൊടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.