
ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രത്യേക തീവ്രപരിശോധനയായ എസ്‌ഐആർ (Special Intensive Revision) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുള്ളിലും ഭിന്നതയ്ക്ക് കാരണമായതായി റിപ്പോർട്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിഷനിൽ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും എസ്‌ഐആറുമായി ബന്ധപ്പെട്ട വിവിധ തീരുമാനങ്ങളിൽ പലതവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് വിവരം.
കഴിഞ്ഞ പത്തുമാസത്തിനിടെ മാത്രം എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 14 തവണ ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയതായി ‘ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. കമ്മിഷനിലെ മറ്റ് അംഗങ്ങളുടെ അനുമതിയില്ലാതെ ചില തീരുമാനങ്ങൾ കൈക്കൊണ്ടെന്നും അവ നിയമപരമായി നിലനിൽക്കില്ലെന്നും ഫയലുകളിൽ ഇരുവരും ചൂണ്ടിക്കാട്ടിയതായാണ് റിപ്പോർട്ട്.
വോട്ടർപട്ടികയിൽ പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള വിഷയങ്ങളിലാണ് പ്രധാനമായും വിയോജിപ്പുകൾ ഉയർന്നത്. എസ്‌ഐആറിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ നിയമസാധുതയും നടപടിക്രമങ്ങളും സംബന്ധിച്ചും ഇരുവരും ചോദ്യങ്ങൾ ഉന്നയിച്ചെന്നാണ് വിവരം.
ചില വിഷയങ്ങളിലെ വിയോജിപ്പുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും അയച്ചതായും റിപ്പോർട്ടിലുണ്ട്. കമ്മിഷനിലെ തീരുമാനമെടുക്കൽ രീതിയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
രാജ്യത്തെ വോട്ടർപട്ടികകളിൽ എസ്‌ഐആർ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും പുറത്തുവരുന്നത്. എസ്‌ഐആർ നടപടികളിലൂടെ വലിയ തോതിൽ പേരുകൾ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ നടപടികൾ സ്വാധീനിച്ചെന്ന വാദങ്ങളും ഇതോടൊപ്പം ശക്തമായിരുന്നു.










