
ദോഹ: വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും സർഗ്ഗാത്മകതയും വളർത്തുക എന്ന ലക്ഷ്യത്തോടെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സംഘടിപ്പിക്കുന്ന മെഗാ എക്സിബിഷന് ‘സിനോവ 2026’ (SCINOVA 2026) പ്രൗഢഗംഭീരമായ തുടക്കം. സയൻസ്, മാത്തമാറ്റിക്സ്, ആർട്ട് എന്നീ മേഖലകളെ കോർത്തിണക്കി സംഘടിപ്പിച്ച പ്രദർശനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി (എഡ്യൂക്കേഷൻ ആൻഡ് കൾച്ചർ) ഹരീഷ് പാണ്ഡെ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയത്തിനും (NEP 2020) ഖത്തർ നാഷണൽ വിഷൻ 2030-നും അനുസൃതമായാണ് പ്രദർശനം വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്തയും അന്വേഷണ തൃഷ്ണയും വളർത്താൻ ഇത്തരം വേദികൾ അത്യാവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഹരീഷ് പാണ്ഡെ പറഞ്ഞു. ചടങ്ങിൽ സ്കൂൾ ഗവേണിംഗ് ബോർഡ് ഡയറക്ടർ അഹമ്മദ് ഈഷാം വിശിഷ്ടാതിഥിയായിരുന്നു.
2900-ലധികം പ്രദർശന വസ്തുക്കൾ
സ്കൂളിലെ വിവിധ വിഭാഗങ്ങളിലായി 22 തീം റൂമുകളിലായി 2900-ലധികം പ്രോജക്റ്റുകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് പുറമെ റോബോട്ടിക്സ്, സ്റ്റെം (STEM), കമ്പ്യൂട്ടർ സയൻസ്, സോഷ്യൽ സയൻസ്, ഹോം സയൻസ്, സ്പോർട്സ് തുടങ്ങി വിവിധ വിഷയങ്ങളിലെ നൂതനമായ വർക്കിംഗ് മോഡലുകളാണ് പ്രദർശനത്തിലിടംപിടിച്ചിട്ടുള്ളത്.പ്രദർശനത്തിൽ
അറബിക്, ഉർദു, ഇസ്ലാമിക് സ്റ്റഡീസ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഇഖ്റ’ ഖുറാൻ പ്രദർശനം ശ്രദ്ധേയമായി. ഹെഡ് ഓഫ് ആക്ടിവിറ്റീസ് ഡോ. മുഹമ്മദ് അബ്ദുറഹീം അതഹാൻ ഇതിന് നേതൃത്വം നൽകി. ശാസ്ത്രവും ഖുറാനും, സാമൂഹിക മൂല്യങ്ങൾ, കാലിഗ്രാഫി തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഖത്തറിന്റെ സംസ്കാരം, പൈതൃകം, സുസ്ഥിര വികസനം എന്നിവ വിളിച്ചോതുന്ന ‘ഖത്തർ കോർണർ’ പ്രാദേശിക തനിമ വിളിച്ചോതുന്നതായിരുന്നു.വിദ്യാർത്ഥികൾ തന്നെ നടത്തുന്ന ഭക്ഷണശാലകളും കഫറ്റീരിയകളും വഴി സാമൂഹിക സേവനത്തിന്റെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം സ്കൂൾ ഉയർത്തിക്കാട്ടി.
വിദ്യാർത്ഥികളുടെ അന്വേഷണ തൃഷ്ണയുടെയും സർഗ്ഗാത്മകതയുടെയും ആഘോഷമാണ് സിനോവ 2026 എന്ന് പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ പറഞ്ഞു. സ്കൂൾ ഗവേണിംഗ് ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ ഹെഡ് ഗേൾ എവലിൻ ജോൺലി സ്വാഗതം ആശംസിച്ചു. ലിഅ റോളണ്ട്, വിധു സുരേഷ് എന്നിവരായിരുന്നു പരിപാടിയുടെ കോർഡിനേറ്റർമാർ.










