08:07am 29 April 2026
NEWS
സിനിമാക്കാരുടെ നട്ടും ബോൾട്ടും മുറുക്കാനറിയാം: ഡി കെ ശിവകുമാർ; താങ്കളുടെ നട്ടും ബോൾട്ടും ജനങ്ങൾ മുറുക്കും: പ്രതിപക്ഷം; വിവാദം കൊഴുക്കുന്നു.
04/03/2025  01:33 PM IST
വിഷ്ണുമംഗലം കുമാർ
സിനിമാക്കാരുടെ നട്ടും ബോൾട്ടും മുറുക്കാനറിയാം: ഡി കെ ശിവകുമാർ; താങ്കളുടെ നട്ടും ബോൾട്ടും ജനങ്ങൾ മുറുക്കും: പ്രതിപക്ഷം; വിവാദം കൊഴുക്കുന്നു

 ബംഗളുരു: അന്തർദ്ദേശിയ ചലച്ചിത്രമേളയുടെ ഉൽഘാടനച്ചടങ്ങിൽ സിനിമാ പ്രവർത്തകരുടെ പ്രാതിനിധ്യം കുറവായതിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. " ഏതൊക്കെ നട്ടും ബോൾട്ടുമാണ് മുറുക്കേണ്ടതെന്ന് എനിക്കറിയാം" പ്രസംഗത്തിൽ അദ്ദേഹം സിനിമാക്കാരെ ഉദ്ദേശിച്ച് ഭീഷണിയുടെ സ്വരമുള്ള പരാമർശം നടത്തിയിരുന്നു. അതിനെതിരെ കടുത്ത വിയോജിപ്പാണ് പ്രതിപക്ഷം പ്രകടിപ്പിച്ചത്.  "ശിവകുമാറിന്റെ ഭാഷാശൈലി ശരിയായില്ല. സഹകരണ മന്ത്രി രാജണ്ണ തന്നെ അദ്ദേഹത്തെ പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാൻ കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അറിവോടെയാണിത്. പാർട്ടിയിലും ഗവണ്മെന്റിലും അതിശക്തമായ എതിർപ്പ് നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ശിവകുമാർ സിനിമാക്കാരെ കുറ്റപ്പെടുത്തുന്നത്. അത് ജനാധിപത്യ മര്യാദയല്ല. സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർ കോൺഗ്രസ്സിന്റെ അടിമകളല്ലെന്ന് ശിവകുമാർ മനസ്സിലാക്കണം" പ്രതിപക്ഷ നേതാവ് ആർ അശോക് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. " സിനിമാരംഗത്തെ പ്രമുഖർക്കുപോലും ഉത്ഘാടന ചടങ്ങിന്റെ ക്ഷണക്കത്ത് കിട്ടിയത് പരിപാടി തുടങ്ങാൻ ഒരു മണിക്കൂർ ഉള്ളപ്പോഴാണ്. സംസ്ഥാനത്തിന്റെ പലഭാഗത്തുമുള്ളവർ ആ സാഹചര്യത്തിൽ എങ്ങനെയാണ് ചടങ്ങിനെത്തുക? സിനിമാ നടനും ബിജെപി എം പിയുമായ ജഗ്ഗേഷ് എക്‌സിൽ കുറിച്ചു. കേന്ദ്രമന്ത്രി കുമാരസ്വാമി, മുൻ മന്ത്രി മുനിരത്ന തുടങ്ങിയവരും ശിവകുമാറിനെ കടുത്ത ഭാഷയിൽ അപലപിച്ചു. കോൺഗ്രസ്സിന്റെയും ശിവകുമാറിന്റെയും നട്ടും ബോൾട്ടും മുറുക്കാൻ ജനങ്ങൾക്ക് അറിയാമെന്ന് കുമാരസ്വാമി പരിഹാസത്തോടെ പറഞ്ഞു. രാഷ്ട്രീയ വടംവലി ചലച്ചിത്ര മേള നടത്തിപ്പിനെ ചൂഴ്ന്നുനിൽക്കുന്നുണ്ട്. സിനിമകളുടെ തെരഞ്ഞെടുപ്പിലും മറ്റു ഏർപ്പാടുകളിലും ഇത് പ്രകടമാണ്. എന്നിരിക്കിലും പ്രേക്ഷകരുടെ വൻ പങ്കാളിത്തത്തോടെയാണ് പതിനാറാമത് ബംഗളുരു അന്തർദ്ദേശീയ ചലച്ചിത്രമേള മുന്നോട്ടു പോകുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img