03:38pm 12 November 2026
NEWS
യുവജനോത്സവ ഓർമ്മകളുമായി ഗായകൻ പട്ടം സനിത്ത്
08/01/2026  07:18 PM IST
nila
യുവജനോത്സവ ഓർമ്മകളുമായി ഗായകൻ പട്ടം സനിത്ത്

അറുപത്തിനാലാമത് കേരള സ്‌കൂൾ കലോത്സവം 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുകയാണ്.  തേക്കിൻകാട് മൈതാനമായിരിക്കും പ്രധാനവേദി. ജനുവരി പതിനെട്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കും.
 
ബാലകലോത്സവം മുതൽ യുവജനോത്സവം വരെ താൻ പങ്കെടുത്ത കാലത്തെ ഓർക്കുകയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റെതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുന്ന ഗായകൻ പട്ടം സനിത്ത്.  സിനിമ സംഗീതമേഖലയിലെ കുലപതിയായ ജി. ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യന്മാരിൽ ഒരാളാണ് സനിത്ത്. ഒരു പ്രമുഖ ബാങ്കിലെ മാനേജർ കൂടിയാണ് പട്ടം സനിത്ത്.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ മത്സര രംഗത്തേക്ക് എത്തിയിരുന്നു.  അന്ന് അക്കാദമി കൗൺസിൽ ആണ് ആദ്യം മത്സരം നടത്തുന്നത്.  അതിൽ ജയിക്കുന്നവരെയാണ് സബ് ജില്ലാ ബാലകലോത്സവത്തിൽ മത്സരത്തിന് പങ്കെടുപ്പിക്കുന്നത് . എട്ടാം ക്ലാസ് മുതലാണ് യുവജനോത്സവത്തിൽ പങ്കെടുക്കാൻകഴിയുന്നത്.    89 ൽ പാലക്കാട് മലമ്പുഴയിൽ  വെച്ച് നടന്ന സംസ്ഥാന യുവജനോത്സ വത്തിൽ ജി.ദേവരാജൻ മാസ്റ്റർ സംഗീതം നൽകി ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനത്തിനാണ് എനിക്ക്  ഒന്നാം സ്ഥാനം ലഭിച്ചത്.  ദേവരാജൻ മാസ്റ്റർക്ക് എന്നെ പരിചയപ്പെടുത്തിയത് ഇന്നത്തെ ബഹുമാനപ്പട്ട വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സാറാണ് .അത് എന്റെ സംഗീതവഴിയിൽ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്.  സ്കൂൾ, കോളേജ്, സംസ്ഥാന കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 

അന്ന് എത്ര ഇനത്തിൽ വേണമെങ്കിലും പങ്കെടുക്കാം.ഇന്ന് അതിനെല്ലാം നിയത്രണം ഉണ്ട്.ഞാൻ ലളിതഗാനം, സമൂഹം ഗാനം, ശാസ്ത്രീയ സംഗീതം, പദ്യ പാരായണം, ഫാൻസി ഡ്രസ്സ്, കഥാപ്രസംഗം തുടങ്ങി നിരവധി ഇനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.അന്ന് ഗ്രേഡ് ഇല്ല.അപ്പീല് പോകാറുമില്ലായിരുന്നു.

സിനിമാഗാനരംഗത്ത് ഏകദേശം 11 ചിത്രങ്ങളിൽ  പാടിയിട്ടുള്ളൂ എങ്കിലും ആ പാട്ടുകളിലെ സ്വരമാധുരികൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാനായിട്ടുണ്ട് ഈ ഗായകന്. "ലൗ ലാൻഡ്" എന്ന ചിത്രത്തിലെ "മനസ്സിന്റെയുള്ളിൽ നിന്ന്..." എന്നു തുടങ്ങുന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാനാകുകയില്ല., അത്രമാത്രം ഹൃദയസ്പർശിയായിട്ടാണ് സനിത്ത്  ആലപിച്ചിരിക്കുന്നത്. തുടർന്ന് ഏഴു വർണ്ണങ്ങൾ,  ന്യൂ ലൗസ്റ്റോറി, ലേറ്റ് മാര്യേജ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ജനശ്രദ്ധ നേടി. വിവിധ ഗാനശാഖകളിലായി നിരവധി
ഗാനങ്ങൾ പാടിയിട്ടുണ്ട്. അതിൽ ലളിതഗാനങ്ങളും, ദേശഭക്തി ഗാനങ്ങളും, ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഭക്തിഗാനങ്ങളും, വിപ്ലവ ഗാനങ്ങളും ഉൾപ്പെടുന്നു. ഒ.എൻ.വി കുറുപ്പ് രചിച്ച് ജി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകി തരംഗിണി പുറത്തിറക്കിയ ആൽബങ്ങളിലും,13-ാംപാർട്ടി കോണ്ഗ്രസ് വേണ്ടി തരംഗിണി പുറത്തിറക്കിയ ചെങ്കൊടി ചെങ്കൊടി, ലാൽസലാം സഖാക്കളേ, കടലിനുമക്കെരെ നിന്നും തുടങ്ങിയ ഗാനങ്ങൾ ഉൾക്കൊള്ളുന്ന കാസെറ്റിനും വേണ്ടി പാടാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി പട്ടം സനിത്ത് കരുതുന്നു.

  സരോജിനി അമ്മയും രാമസ്വാമിയുമാണ്  മാതാപിതാക്കൾ. ഭാര്യ: രതിക. ഏക മകൻ  അനൂപ് സനിത്ത് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img