07:01pm 12 November 2026
NEWS
പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു
12/04/2026  01:59 PM IST
nila
 പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

ന്യൂഡൽഹി:  പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. തൊണ്ണൂറ്റിരണ്ടാമത്തെ വയസ്സിലാണ് അന്ത്യം. നാളെ വൈകിട്ട് നാല് മണിക്ക് സംസ്‌കാര ചടങ്ങുകൾ നടക്കും.

ദാദാസാഹേബ് ഫാൽക്കേ അവാർഡ് ജേതാവാണ് ആശാ ഭോസ്‌ലെ. 1943ൽ 'മജാബാൽ' എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്ബാല' എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1945-ൽ 'ബഡി മാ' എന്ന ചിത്രത്തിലാണ് ഹിന്ദിയിൽ ആദ്യമായി പാടിയതെങ്കിലും 1948ൽ പുറത്തിറങ്ങിയ 'ചുനാരിയ' ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്.

ഒ പി നയ്യാറിന്റെ സംഗീതസംവിധാനത്തിൽ 1956-ൽ 'സി ഐ ഡി' എന്ന ചിത്രത്തിൽ പാടിയത് കരിയറിൽ വലിയൊരു വഴിത്തിരിവായി മാറി. 1966-ൽ 'തീസിരി മൻസിൽ' എന്ന ചിത്രത്തിലൂടെ ആരംഭിച്ച ആശാ ഭോസ്‌ലെ- ആർ ഡി ബർമൻ കൂട്ടുകെട്ട് വലിയ വിജയമായി മാറി. പിന്നീട് തന്റെ ജീവിതത്തിലും ആർ ഡി ബർമനെ ആശാ ഭോസ്‌ലെ കൂടെകൂട്ടുകയായിരുന്നു. 1990കളിൽ സിനിമയിൽ നിന്ന് പതിയെ പിൻവാങ്ങിയ ആശയെ 1995-ൽ 'രംഗീല' എന്ന ചിത്രത്തിലൂടെ എ ആർ റഹ്‌മാനാണ് സിനിമാ പിന്നണി ഗാന രംഗത്തേക്ക് തിരിച്ചുകൊണ്ടുവന്നത്.

തുടർന്ന് താൽ, ലഗാൻ, ദൗഡ്, ഇരുവർ തുടങ്ങിയ നിരവധി റഹ്‌മാൻ ചിത്രങ്ങളിലും പാടി. ഒ പി നയ്യാർ, ബോംബെ രവി, എസ് ഡി ബർമൻ, ആർ ഡി ബർമൻ, ഇളയരാജ, റഹ്‌മാൻ, ജയ്ദേവ്, ശങ്കർജയ്കിഷൻ, അനുമാലിക്ക് തുടങ്ങി ഇന്ത്യയിലെ പ്രഗൽഭരായ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും ആശ പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img