10:59am 13 November 2026
NEWS
ശബരിമല സ്വർണ്ണപ്പാളി തട്ടിപ്പിന് സമാനമായി ചോറ്റാനിക്കര ക്ഷേത്രത്തിലും തട്ടിപ്പ് ശ്രമം
24/11/2025  08:17 AM IST
nila
ശബരിമല സ്വർണ്ണപ്പാളി തട്ടിപ്പിന് സമാനമായി ചോറ്റാനിക്കര ക്ഷേത്രത്തിലും തട്ടിപ്പ് ശ്രമം

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി തട്ടിപ്പിന് സമാനമായി ചോറ്റാനിക്കര ക്ഷേത്രത്തിലും വൻതട്ടിപ്പ് നടത്താനുള്ള ശ്രമം നടന്നതായി കൊച്ചിൻ ദേവസ്വം മുൻ വിജിലൻസ് ഓഫീസർ ആർ. കെ. ജയരാജ്. വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീകോവിൽ സ്വർണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായി 100 കോടി രൂപയുടെ സ്പോൺസർഷിപ്പ് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാരൻ ദേവസ്വം അധികൃതരെ സമീപിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

 ബാംഗ്ലൂർ സ്വദേശിയായ ഗണശ്രാവൺ എന്നയാൾ 2019-20 കാലഘട്ടത്തിൽ ക്ഷേത്രത്തിൽ എത്തിയിരുന്നു. സ്വയം വലിയ ബിസിനസുകാരനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ എത്തിയത്. ഇയാൾക്ക് ആറുമാസം വരെ ക്ഷേത്രപരിധിയിൽ സ്വാതന്ത്ര്യമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചെങ്കിലും, വിജിലൻസ് നടത്തിയ പരിശോധനയിൽ വിലാസം, ആസ്തി ഉൾപ്പെടെയുള്ള വിവരങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. ഒടുവിൽ ഇയാൾ തട്ടിപ്പുകാരനാണെന്ന് ഉറപ്പായതോടെ പദ്ധതി റദ്ദാക്കുകയായിരുന്നുവെന്ന് ജയരാജ് പറഞ്ഞു.

ദേവസ്വം ബോർഡ് അധികൃതരോട് മുകളിൽ നിന്നുള്ള നിർദ്ദേശമെന്ന പേരിൽ പദ്ധതി മുന്നോട്ടു കൊണ്ടുപോവാൻ സമ്മർദം ചെലുത്തിയതും, വിവിധ രേഖകൾ സമർപ്പിക്കാൻ കഴിയാത്തതും സംശയങ്ങൾ ശക്തിപ്പെടുത്തി. ആന്ധ്രയിൽ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളുടെ പേരിൽ പിരിവ് നടത്തിയിട്ടുള്ള തട്ടിപ്പുകാരനാണെന്ന് തുടർ അന്വേഷണത്തിൽ പുറത്തുവന്നു. സ്പോൺസർഷിപ്പ് പദ്ധതിക്ക് വ്യക്തമായ രൂപരേഖയോ വിശ്വസനീയമായ തെളിവുകളോ നൽകാൻ കഴിഞ്ഞില്ലെന്ന് ചോറ്റാനിക്കര ക്ഷേത്ര ഭാരവാഹികളും സ്ഥിരീകരിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img