
'വിടാമുയർച്ചി' എന്ന ചിത്രത്തിന് ശേഷം അജിത്ത് അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ളി'. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് വരുന്ന ഈ ചിത്രം ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൻ്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൽ അജിത്തിനൊപ്പം തൃഷ, പ്രസന്ന, പ്രഭു, അർജുൻ ദാസ്, ഷൈൻ ടോം ചാക്കോ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നതിനോടൊപ്പം തമിഴ് സിനിമയിലെ മറ്റൊരു മുൻനിര നായകനും, അജിത്തിന്റെ ആരാധകനുമായ ചിമ്പു അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നുള്ള വിവരം പുറത്ത് വന്നിട്ടുണ്ട്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'അൻപാനവൻ അസരാതവൻ അടങ്ങാത്തവൻ' എന്ന ചിത്രത്തിൽ ചിമ്പുവായിരുന്നു നായകൻ. 'ഗുഡ് ബാഡ് അഗ്ളി'യിൽ ചിമ്പു ഒരു പ്രത്യേക വേഷമാണ് ചെയ്തിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇക്കാര്യം ചിത്രത്തിന്റെ അണിയറപ്രവർത്തകർ രഹസ്യമായി വച്ചിരിക്കുകയാണ്. 'വിടാമുയർച്ചി' പരാജയ ചിത്രമായതിനാൽ 'ഗുഡ് ബാഡ് അഗ്ളി'യെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Photo Courtesy - Google











