
കമൽഹാസനും, ചിമ്പുവും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'. മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ജൂൺ 5-ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. അതിനോടനുബന്ധിച്ച് ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ ജോലികൾ തകൃതിയായി പുരോഗമിക്കുകയാണ്. 'തഗ് ലൈഫ്' റിലീസിന് ശേഷം ചിമ്പു അഭിനയിക്കാനിരിക്കുന്ന രണ്ടു ചിത്രങ്ങളിൽ ഒന്ന് സംവിധാനം ചെയ്യുന്നത് ദേസിങ്ങ് പെരിയസാമിയാണ്. ദുൽഖർ സൽമാൻ നായകനായ 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ദേസിങ്ങ് പെരിയസാമി. 'STR 50' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടന്നു വരികയാണ്. ബിഗ് ബഡ്ജറ്റിൽ ചിമ്പു തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത് തന്നെ തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഈയവസരത്തിലാണ് ഈ ചിത്രം കുറിച്ചുള്ള ഒരു പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. ഈ സിനിമയിൽ ചിമ്പു ഡബിൾ റോളിലാണ് അഭിനയിക്കുന്നത്. അതിൽ ഒന്ന് ട്രാൻസ്‌ജെൻഡർ കഥാപാത്രമാണത്രെ! ചിമ്പു ട്രാൻസ്‌ജെൻഡറായി അഭിനയിക്കുന്നത് ഇത് ആദ്യമായാണ്. ഈ കഥാപാത്രം അവതരിപ്പിക്കാനായി ചിമ്പു ഇപ്പോൾ നിറയെ ഹോം വർക്ക് ചെയ്തു വരികയാണെന്നും റിപ്പോർട്ടുണ്ട്.
Photo Courtesy - Google











