04:27pm 20 May 2026
NEWS
സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി
20/05/2026  03:40 PM IST
ചെറുകര സണ്ണിലൂക്കോസ്
സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

 

തിരുവനന്തപുരം - കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും മരവിപ്പിച്ചു. വര്‍ഷങ്ങളായി സ്വന്തം ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ സാധാരണക്കാര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം. സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിച്ച് പിന്‍വലിക്കുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും. പദ്ധതിക്കായി സ്ഥാപിച്ചിട്ടുള്ള മഞ്ഞക്കുറ്റികള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

2026 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2026 നവംബര്‍ 30 വരെ നീട്ടാന്‍ പി.എസ്.സിക്ക് ശുപാര്‍ശ ചെയ്യും.

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031-ന് മുന്‍പ് എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ ലക്ഷ്യമിട്ടുള്ള 'വിഷന്‍ 2031' പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി ജൂണ്‍ ഒന്ന് മുതല്‍ 100 ദിവസത്തെ കര്‍മ്മപരിപാടി ആരംഭിക്കും. വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ ഈ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്മ പുരസ്‌കാരങ്ങള്‍ക്കുള്ള പേരുകള്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുന്നതിനായി പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചു. ഹൈക്കോടതിയിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയമിക്കും. കിഫ്ബിയുടെ പ്രവര്‍ത്തനം വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കും. കെ റെയിലിന്റെ പ്രവര്‍ത്തനവും വിലയിരുത്തും. ചികിത്സാപരമായ അനാസ്ഥ കാരണം മരണപ്പെട്ട കൊല്ലം സ്വദേശി വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img