10:24pm 18 April 2026
NEWS
പാകിസ്താനിൽ തീർത്ഥാടനത്തിന് പോയ സിഖ് വനിത മതംമാറി പാക് പൗരനെ വിവാഹം കഴിച്ചു
15/11/2025  01:38 PM IST
nila
പാകിസ്താനിൽ തീർത്ഥാടനത്തിന് പോയ സിഖ് വനിത മതംമാറി പാക് പൗരനെ വിവാഹം കഴിച്ചു

പാകിസ്താനിൽ തീർത്ഥാടനത്തിന് പോയ പഞ്ചാബ് സ്വദേശിനി മതംമാറി പാക് പൗരനെ വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്. സരബ്ജീത്കൗർ എന്ന അമ്പത്തിരണ്ടുകാരിയാണ് മതംമാറി ഒരു പാക് പൗരനെ വിവാഹം കഴിച്ചത്. ഇതിന്റെ രേഖകൾ പുറത്തുവന്നു. ഗുരുനാനാക്കിന്റെ 555-ാം പ്രകാശ് പർവ് ആഘോഷങ്ങളുടെ ഭാഗമായി നവംബർ 4നാലിന് വാഗാ–അട്ടാരി അതിർത്തി വഴി പാകിസ്താനിൽ പ്രവേശിച്ച തീർത്ഥാടക സംഘാംത്തിലെ അം​ഗമായിരുന്നു സരബ്ജീത്കൗർ. 

നവംബർ 13-ന് 1,992 സിഖ് തീർത്ഥാടകർക്കളടങ്ങിയ സംഘം ഇന്ത്യയിലേക്ക് മടങ്ങി. എന്നാൽ മടക്കയാത്രയിൽ സരബ്ജീത് കൂട്ടത്തിലുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അവർ പാകിസ്താനിലെ ഷെയ്ഖ്പുര സ്വദേശിയായ നാസിർ ഹുസൈനെ വിവാഹം കഴിച്ചതായി ഉറുദുവിലുള്ള ‘നിക്കാഹ് നാമ’ പുറത്തുവന്നത്. വിവാഹത്തിന് മുൻപ് സരബ്ജീത് ഇസ്‌ലാം മതം സ്വീകരിച്ച് ‘നൂർ’ എന്ന് പേര് മാറ്റിയിട്ടുണ്ടെന്നും രേഖകളിൽ വ്യക്തമാക്കുന്നു.

മുക്ത്സർ ജില്ലയിൽ നിന്നാണ് സരബ്ജീതിന്റെ പാസ്‌പോർട്ട് അനുവദിച്ചിരുന്നത്. പാകിസ്താനിൽനിന്നുള്ള മടക്ക യാത്രക്കാരുടെ കുടിയേറ്റ രേഖകളിൽ അവരുടെ പേര് ഇല്ലാത്തതിനെ തുടർന്ന് ഇമിഗ്രേഷൻ വകുപ്പ് പഞ്ചാബ് പോലീസിനെ വിവരം അറിയിച്ചിരുന്നു. മറ്റ് കേന്ദ്ര ഏജൻസികൾക്കും പ്രാഥമിക റിപ്പോർട്ട് കൈമാറി. ഇന്ത്യയിലെ നയതന്ത്ര വിഭാഗം പാകിസ്താനുമായി ഇതിനകം തന്നെ ബന്ധപ്പെട്ടു നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

പ്രതിവർഷം പ്രകാശ് പർവിനോടനുബന്ധിച്ച് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പാകിസ്താനിലെ വിവിധ ചരിത്രഗുരുദ്വാരങ്ങളിലേക്ക് തീർത്ഥാടനം സംഘടിപ്പിക്കാറുണ്ട്. സുരക്ഷാ ആശങ്കകളുടെ പേരിൽ തുടക്കത്തിൽ അനുമതി നിഷേധിച്ച സർക്കാർ കഴിഞ്ഞ മാസം തീർത്ഥാടകർക്ക് 10 ദിവസത്തെ സന്ദർശനത്തിന് അനുമതി നൽകിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img