08:11pm 18 August 2026
NEWS
ഗണപതിക്ക് മുന്നിലെ ഏത്തമിടൽ; ആചാരത്തിനപ്പുറം ശാസ്ത്രീയ പ്രാധാന്യവും
18/08/2026  07:36 PM IST
nila
ഗണപതിക്ക് മുന്നിലെ ഏത്തമിടൽ; ആചാരത്തിനപ്പുറം ശാസ്ത്രീയ പ്രാധാന്യവും

ഗണപതി ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർ പ്രധാനമായും അനുഷ്ഠിക്കുന്ന വഴിപാടുകളിലൊന്നാണ് ഏത്തമിടൽ. ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങി ഐശ്വര്യവും അനുഗ്രഹവും ലഭിക്കണമെന്ന വിശ്വാസത്തോടെയാണ് ഭക്തർ ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നത്. “വലം കയ്യാൽ വാമശ്രവണവുമിട കൈവിരലിനാൽ വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയിൽ നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി- ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!” എന്ന് ജപിച്ചു വേണം ഏത്തമിടാൻ.

ഏത്തമിടുന്നതിനും കൃത്യമായ രീതിയുണ്ട്. ആദ്യം ഇടതുകാലിൽ ഉറച്ചുനിന്ന് വലതുകാൽ ഇടതുകാലിന്റെ മുൻവശത്തുകൂടി ഇടത്തോട്ട് കൊണ്ടുവന്ന് പെരുവിരൽ മാത്രം നിലത്ത് തൊടുന്ന രീതിയിൽ നിൽക്കണം. തുടർന്ന് ഇടതുകൈയിലെ നടുവിരലും ചൂണ്ടുവിരലും ചേർത്ത് വലത് ചെവിയും വലതുകൈ മുന്നിലൂടെ കൊണ്ടുപോയി ഇടത് ചെവിയും പിടിക്കണം. കൈമുട്ടുകൾ നിലത്ത് തൊടുവിച്ച് കുമ്പിട്ട ശേഷം വീണ്ടും നിവരുന്നതാണ് ഏത്തമിടലിന്റെ പരമ്പരാഗത രീതി.

ഭക്തരുടെ സങ്കൽപ്പത്തിനും വഴിപാടിന്റെ രീതിക്കും അനുസരിച്ച് 3, 5, 7, 12, 15, 21, 36 എന്നിങ്ങനെ വ്യത്യസ്ത എണ്ണങ്ങളിൽ ഏത്തമിടാറുണ്ട്.

ആചാരത്തിനൊപ്പം വ്യായാമവും

ഏത്തമിടൽ ഒരു മതാചാരം മാത്രമല്ല, ശരീരത്തിന് വ്യായാമം നൽകുന്ന ഒരു രീതിയാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. കുമ്പിടുകയും നിവരുകയും ചെയ്യുന്ന ആവർത്തിച്ചുള്ള ചലനങ്ങൾ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പൊതുവെ പറയപ്പെടുന്നത്.

ചെവിയുടെ വിവിധ ഭാഗങ്ങളിലെ നാഡീ അറ്റങ്ങളെ ഉത്തേജിപ്പിക്കുന്ന തരത്തിലാണ് ചെവിപിടിച്ചുള്ള ഈ വ്യായാമം. ഇതിലൂടെ ഏകാഗ്രത വർധിപ്പിക്കാനും മാനസിക ഉണർവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

അതുകൊണ്ടുതന്നെ തലമുറകളായി ഗണപതി ക്ഷേത്രങ്ങളിലെ ആചാരത്തിന്റെ ഭാഗമായി തുടരുന്ന ഏത്തമിടൽ വിശ്വാസത്തിന്റെയും ശരീരചലനത്തിന്റെയും ഒരു സവിശേഷ സംയോജനമായാണ് കണക്കാക്കപ്പെടുന്നത്.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img