
ഐ.സി.എ.ആർ–സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാനും ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിന്റെ ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ നെസ്നാസ് ഇ.എ യും ധാരണാപത്രങ്ങൾ കൈമാറുന്നു. ലിജിൻ നമ്പ്യാർ എം.എം, റിസർച്ച് അസോസിയേറ്റ്, ഐസിഎആർ-സിഫ്റ്റ്; ഡോ. ശ്രീപ്രിയ പ്രകാശൻ, സയന്റിസ്റ്റ്, ഐസിഎആർ-സിഫ്റ്റ്; ഡോ. സി.ഒ. മോഹൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ്,ഐസിഎആർ-സിഫ്റ്റ്; ഡോ. ജോർജ് നൈനാൻ, ഡയറക്ടർ, ഐ.സി.എ.ആർ–സിഫ്റ്റ്; നെസ്നാസ് ഇ.എ, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ്, ആൻഡമാൻ നിക്കോബാർ ഭരണകൂടം; ഡോ. എം.പി. രമേശൻ, ഫിഷിങ് ടെക്നോളജി വിഭാഗം മേധാവി, ഐ.സി.എ.ആർ–സിഫ്റ്റ്; വിപിൻ കുമാർ വി, ടെക്നിക്കൽ ഓഫീസർ, ഐ.സി.എ.ആർ–സിഫ്റ്റ്.
കൊച്ചി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മത്സ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് കൊച്ചിയിലെ ഐസിഎആർ– സിഫ്റ്റ് സാങ്കേതിക പിന്തുണ നൽകും. ദ്വീപുകളിലെ പരമ്പരാഗത മത്സ്യ ഉൽപ്പന്നങ്ങളുടെ വികസനത്തിനും മത്സ്യബന്ധന ബോട്ടുകളുടെ രൂപകൽപ്പന ഏകീകരിക്കുന്നതിനുള്ള സാങ്കേതിക സഹായവുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ആൻഡമാൻ നിക്കോബാറിലെ ഫിഷറീസ് വകുപ്പുമായി സിഫ്റ്റ് രണ്ട് കൺസൾട്ടൻസി കരാറുകളിൽ ഒപ്പുവച്ചു.
ആൻഡമാനിലെ രണ്ട് പരമ്പരാഗത മത്സ്യോൽപ്പന്നങ്ങൾക്ക് ഭൗമസൂചികാ പദവി (ജി.ഐ ടാഗിംഗ്) ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകുന്നതാണ് ആദ്യ കരാർ. ശീതീകരിച്ച ആൻഡമാൻ കോറൽ ട്രൗട്ട് എന്നറിയപ്പെടുന്ന ഡോളർ ഫിഷ്, നിക്കോബാരി തോഹരാംഗോ (പുക നൽകി സംസ്കരിച്ചതും ഉണക്കിയതുമായ മത്സ്യം) എന്നിവയാണ് ഈ ഉൽപ്പന്നങ്ങൾ. ഇതിന്റെ ഭാഗമായി ഈ ഉൽപ്പന്നങ്ങളിലെ പോഷകഘടകങ്ങൾ പരിശോധിക്കുകയും എത്രകാലം കേടുകൂടാതെ സൂക്ഷിക്കാമെന്ന് പഠിക്കുകയും ചെയ്യും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങളും തയ്യാറാക്കും. കൂടാതെ, പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കും ദളിത് വിഭാഗങ്ങളിൽപ്പെട്ട ഉൽപ്പാദകർക്കും സാങ്കേതിക പരിശീലനം നൽകും. ഇതിലൂടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കനും വരുമാനം വർധിപ്പിക്കാനും സാധിക്കും.
രണ്ടാമത്തെ കരാർ മത്സ്യബന്ധന ബോട്ടുകളുടെ രൂപകൽപ്പനയുമായി ബന്ധപ്പെട്ടതാണ്. വിവിധ വലുപ്പത്തിലും വിഭാഗങ്ങളിലുമുള്ള 30 ബോട്ടുകളുടെ രൂപകൽപ്പനകൾ സിഫ്റ്റ് തയ്യാറാക്കി നൽകും. മോട്ടോർ ഘടിപ്പിച്ച ബോട്ടുകളും യന്ത്രവത്കൃത ബോട്ടുകളും ഇതിൽ ഉൾപ്പെടും. ബോട്ടുകളുടെ നിർമാണരേഖകൾ, സാങ്കേതിക വിവരങ്ങൾ, നിർമാണച്ചെലവിന്റെ കണക്കുകൾ എന്നിവയും ലഭ്യമാക്കും. മരം, ഫൈബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി), എഫ്.ആർ.പി ആവരണമുള്ള മരം, സ്റ്റീൽ തുടങ്ങിയവ ഉപയോഗിച്ചുള്ള രൂപകൽപ്പനകളാണ് നൽകുക.
പരമ്പരാഗത മത്സ്യോൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണനസാധ്യത ഉറപ്പാക്കുക, പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും ദളിത് സമൂഹങ്ങളുടെയും ഉപജീവനമാർഗം മെച്ചപ്പെടുത്തുക, മത്സ്യമേഖലയിൽ ശാസ്ത്രീയ അറിവും ആധുനിക സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുക എന്നിവയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഐസിഎആർ–സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാനും ആൻഡമാൻ നിക്കോബാറിലെ ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ നെസ്നാസ് ഇ.എയും തമ്മിലാണ് ധാരണാപത്രങ്ങൾ കൈമാറിയത്.
Photo Courtesy - Google








