07:19pm 25 November 2026
NEWS
വ്യാവസായിക ആവശ്യങ്ങൾക്കായി എ.ഐ. ഇന്ത്യയിൽ ഐഗൻ എൻജിനീയറിങ് ഏജന്റ് അവതരിപ്പിച്ച് സീമെൻസ്
25/11/2026  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വ്യാവസായിക ആവശ്യങ്ങൾക്കായി എ.ഐ. ഇന്ത്യയിൽ ഐഗൻ എൻജിനീയറിങ് ഏജന്റ് അവതരിപ്പിച്ച് സീമെൻസ്
HIGHLIGHTS

നിർദേശങ്ങൾ നൽകുന്ന എ.ഐ.യിൽ നിന്ന് എൻജിനീയറിങ് ജോലികൾ തുടക്കം മുതൽ അവസാനം വരെ നിർവഹിക്കുന്ന എ.ഐ.യിലേക്കുള്ള മാറ്റം.ഇന്ത്യയിലെ 16-ലധികം ഉപഭോക്താക്കളിൽ വിജയകരമായി പരീക്ഷിച്ചുന്യൂഡൽഹിയിൽ നടന്ന ഏഴാമത് ട്രാൻസ്ഫോം–സീമെൻസ് ഇന്ത്യ ഇന്നൊവേഷൻ ഡേയിൽ അവതരിപ്പിച്ച വ്യാവസായിക എ.ഐ. അധിഷ്ഠിത 20-ലധികം നൂതന സാങ്കേതികവിദ്യകളിൽ ഒന്ന്

മുംബൈ : ഓട്ടോമേഷൻ എൻജിനീയറിങ്ങിനായി പ്രത്യേകം വികസിപ്പിച്ച എ.ഐ. സംവിധാനമായ ഐഗൻ എൻജിനീയറിങ് ഏജന്റ് ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ച് സീമെൻസ്. ഒന്നിലധികം ഘട്ടങ്ങളിലായി യുക്തിപരമായി ചിന്തിക്കാനും സ്വയം പിഴവുകൾ തിരുത്താനും കഴിയുന്ന ഈ വ്യാവസായിക എ.ഐ. സംവിധാനം എൻജിനീയറിങ് ജോലികൾ സ്വയം നിർവഹിക്കാൻ സഹായിക്കും. ഇന്ത്യയിലുടനീളമുള്ള 16-ലധികം ഉപഭോക്താക്കളിൽ ഐഗൻ എൻജിനീയറിങ് ഏജന്റ് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.

സാധാരണ എ.ഐ. ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഐഗൻ എൻജിനീയറിങ് ഏജന്റ് യഥാർഥ എൻജിനീയറിങ് സംവിധാനങ്ങൾക്കുള്ളിൽ പ്രവർത്തിക്കുകയും ഓരോ പ്രോജക്ടിന്റെയും സാഹചര്യങ്ങളും നിയന്ത്രണങ്ങളും മനസ്സിലാക്കുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പി.എൽ.സി. കോഡിങ്, ഹ്യൂമൻ-മെഷീൻ ഇന്റർഫേസ് (എച്ച്.എം.ഐ.) വിഷ്വലൈസേഷൻ, ഉപകരണ കോൺഫിഗറേഷൻ തുടങ്ങിയ ഓട്ടോമേഷൻ എൻജിനീയറിങ് ജോലികൾ വ്യാവസായിക നിലവാരത്തിലുള്ള കൃത്യത, സുരക്ഷ, വിശ്വാസ്യത എന്നിവ പാലിച്ച് നിർവഹിക്കാൻ കഴിയും.

കൃത്യതയിലും വിശ്വാസ്യതയിലും വിട്ടുവീഴ്ചയില്ലാതെ ഉയർന്ന തലത്തിലുള്ള സിസ്റ്റം വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എൻജിനീയർമാരെ സഹായിക്കുന്നതാണ് ഐഗൻ എൻജിനീയറിങ് ഏജന്റ്. പരമ്പരാഗത മാനുവൽ രീതികളേക്കാൾ രണ്ടുമുതൽ അഞ്ചുമടങ്ങ് വരെ വേഗത്തിൽ എ.ഐ. അധിഷ്ഠിത പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും പരിഹാരങ്ങളുടെ ഗുണനിലവാരം 80% വരെ മെച്ചപ്പെടുത്താനും എൻജിനീയറിങ് കാര്യക്ഷമത 50% വർധിപ്പിക്കാനും ഇതിന് സാധിക്കും.

സീമെൻസ് എ.ജി. ചീഫ് ടെക്‌നോളജി ഓഫീസർ ഡോ. ഡിർക്ക് ഡിഡാസ്കലൂ പറഞ്ഞു: “ഇന്ത്യയുടെ വ്യാവസായിക വളർച്ചാ ലക്ഷ്യങ്ങൾ ഉൽപ്പാദനം, അടിസ്ഥാനസൗകര്യം, ഊർജം തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾക്കും വെല്ലുവിളികൾക്കും വഴിയൊരുക്കുന്നു. വ്യാവസായിക എ.ഐ.യിലെ മുന്നേറ്റങ്ങളെ ഈ വെല്ലുവിളികൾ വലിയ തോതിൽ പരിഹരിക്കാൻ കഴിയുന്ന സാങ്കേതികവിദ്യകളാക്കി മാറ്റുകയാണ് സീമെൻസിന്റെ ലക്ഷ്യം. എൻജിനീയറിങ് പ്രവർത്തനങ്ങളിലേക്ക് നേരിട്ട് എ.ഐ. എത്തിക്കുന്നതിലൂടെ സങ്കീർണതകൾ കൈകാര്യം ചെയ്യാനും വേഗത്തിൽ പ്രവർത്തിക്കാനും നവീകരണത്തിനായി കൂടുതൽ സമയം ചെലവഴിക്കാനും എൻജിനീയർമാർക്ക് ഐഗൻ എൻജിനീയറിങ് ഏജന്റ് സഹായകമാകും. ഗവേഷണത്തെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റുന്നതിലൂടെ മത്സരക്ഷമത ശക്തിപ്പെടുത്താനും ഇന്ത്യയുടെ വ്യാവസായിക പരിവർത്തനം വേഗത്തിലാക്കാനും കഴിയുന്നത് ഇത്തരത്തിലാണ്.”

സീമെൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സുനിൽ മാത്തൂർ പറഞ്ഞു: “ഇന്ത്യയുടെ അടുത്ത ഉൽപ്പാദന മുന്നേറ്റം ചെലവിൽ മാത്രമല്ല, ഉൽപ്പാദനക്ഷമതയിലും ഗുണനിലവാരത്തിലുമാണ് അധിഷ്ഠിതമാകുക. അതിനായി ഓട്ടോമേഷൻ മൂല്യശൃംഖലയുടെ എല്ലാ ഘട്ടങ്ങളിലും, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ എത്തണം. സങ്കീർണമായ ഓട്ടോമേഷൻ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും ആദ്യഘട്ടത്തിൽ തന്നെ കൃത്യത ഉറപ്പാക്കാനും നൈപുണ്യ വിടവുകൾ നികത്താനും പരിമിതമായ എൻജിനീയറിങ് ടീമുകളെ ഐഗൻ എൻജിനീയറിങ് ഏജന്റ് സഹായിക്കും. പരീക്ഷണഘട്ടത്തിൽ നിന്ന് വ്യാവസായിക എ.ഐ. ദൈനംദിന ഉൽപ്പാദന പ്രവർത്തനങ്ങളുടെ ഭാഗമാകുന്ന മാറ്റമാണിത്.”

ഫ്ലെക്സിബിൾ പാക്കേജിങ് മേഖലയ്ക്കായി പ്രിന്റിങ്, കൺവേർട്ടിങ് മെഷീനുകൾ നിർമിക്കുന്ന പ്രമുഖ സ്ഥാപനമായ പെലിക്കൻ റോട്ടോഫ്ലെക്സ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയിൽ ഐഗൻ എൻജിനീയറിങ് ഏജന്റ് ഉപയോഗിക്കുന്ന 16 ഉപഭോക്താക്കളിൽ ഒന്നാണ്. അടുത്ത തലമുറ മെഷീനുകൾക്കായുള്ള ഓട്ടോമേഷൻ സോഫ്റ്റ്‌വെയർ വികസനം വേഗത്തിലാക്കാനാണ് കമ്പനി ഈ സംവിധാനം ഉപയോഗിക്കുന്നത്. സീമെൻസിന്റെ ടി.ഐ.എ. പോർട്ടലുമായി സംയോജിപ്പിച്ച ഏജന്റ് കോഡ് നിർമാണം, ഡോക്യുമെന്റേഷൻ, കോഡ് വ്യാഖ്യാനം, നിർദ്ദിഷ്ട പ്രശ്നങ്ങൾ പരിഹരിക്കൽ എന്നിവയ്ക്ക് പിന്തുണ നൽകുന്നു. ഓട്ടോമേഷൻ, കൺട്രോൾ പാനൽ എൻജിനീയറിങ്, പ്രോഗ്രാമിങ് എന്നിവയിലെ കമ്പനിയുടെ ആഭ്യന്തര വൈദഗ്ധ്യവുമായി ഈ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നത് ആവർത്തന ജോലികൾ കുറയ്ക്കാനും മെഷീനുകൾ വേഗത്തിൽ ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കാനും എൻജിനീയറിങ് ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

വ്യാവസായിക ഓട്ടോമേഷൻ, സൊല്യൂഷൻസ് രംഗത്തെ പ്രമുഖ സ്ഥാപനമായ സീ സിസ്റ്റം ഇന്റലിജന്റ് കൺട്രോൾസും എ.ഐ. സഹായത്തോടെ ഓട്ടോമേഷൻ എൻജിനീയറിങ് പ്രവർത്തനങ്ങൾ വേഗത്തിലാക്കി. പി.എൽ.സി. കോഡ് മനസ്സിലാക്കൽ, ലോജിക് നിർമാണം, പരിശോധന, ഓട്ടോമേറ്റഡ് ഡോക്യുമെന്റേഷൻ എന്നിവയിലൂടെ ആവർത്തന എൻജിനീയറിങ് ജോലികൾ 50%ത്തിലധികം കുറയ്ക്കാനും ഉൽപ്പാദനക്ഷമത 20–30% മെച്ചപ്പെടുത്താനും വികസന, കമ്മീഷനിങ് കാലയളവ് കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും. ഇതിലൂടെ ടീമുകൾക്ക് നവീകരണത്തിലും മെഷീൻ പ്രകടനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.

‘എ.ഐ. ഫോർ ദ റിയൽ വേൾഡ്’ എന്ന പ്രമേയത്തിൽ ന്യൂഡൽഹിയിൽ നടന്ന ഏഴാമത് ട്രാൻസ്ഫോം–സീമെൻസ് ഇന്ത്യ ഇന്നൊവേഷൻ ഡേയിൽ അവതരിപ്പിച്ച വ്യാവസായിക എ.ഐ. അധിഷ്ഠിത 20-ലധികം നൂതന സാങ്കേതികവിദ്യകളിൽ ഒന്നാണ് ഐഗൻ എൻജിനീയറിങ് ഏജന്റ്. വ്യവസായ പ്രമുഖർ, സി.എക്സ്.ഒമാർ, ഉപഭോക്താക്കൾ, പങ്കാളികൾ, നയരൂപീകരണ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ, യുവ പ്രതിഭകൾ തുടങ്ങി ഏകദേശം 500 പേർ പങ്കെടുത്ത പരിപാടിയിൽ വിശ്വസനീയമായ എ.ഐ., ഡിജിറ്റൽ ട്വിൻ, ഓട്ടോമേഷൻ, സോഫ്റ്റ്‌വെയർ, വൈദ്യുതീകരണം എന്നിവ ഇന്ത്യൻ സംരംഭങ്ങളുടെ ഉൽപ്പാദനക്ഷമത, പ്രതിരോധശേഷി, ഊർജകാര്യക്ഷമത, നവീകരണ വേഗത എന്നിവ മെച്ചപ്പെടുത്തുന്നതെങ്ങനെ എന്നതിനെക്കുറിച്ച് ചർച്ചകളും സാങ്കേതിക അവതരണങ്ങളും തത്സമയ പ്രദർശനങ്ങളും നടന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img