
ദോഹ: കുട്ടികളിലെ പ്രമേഹവും എൻഡോക്രൈൻ അനുബന്ധ രോഗങ്ങളും തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അത്യാധുനിക രീതികൾ ചർച്ച ചെയ്യുന്നതിനായി 'ഖത്തർ പീഡിയാട്രിക് എൻഡോക്രൈൻ ആൻഡ് ഡയബറ്റിസ് കോണ്ഫറന്സ് 2026' (QPED 2026) സംഘടിപ്പിക്കാൻ ഖത്തർ ഫൗണ്ടേഷൻ അംഗമായ സിദ്ര മെഡിസിൻ ഒരുങ്ങുന്നു. നവംബർ 27, 28 തീയതികളിലാണ് ഈ അന്താരാഷ്ട്ര സമ്മേളനം നടക്കുക.
കുട്ടികളിലെ ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹം, ചെറുപ്പക്കാരിലെ അമിതവണ്ണം, വളർച്ചാ തകരാറുകൾ, അപൂർവ എൻഡോക്രൈൻ വൈകല്യങ്ങൾ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. പ്രമേഹ സാങ്കേതികവിദ്യ, ഇൻസുലിൻ പമ്പുകൾ, ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ്പ് സിസ്റ്റങ്ങൾ, ജീൻ-സ്റ്റെം സെൽ ചികിത്സകൾ എന്നിവയെക്കുറിച്ചുള്ള വിശകലനങ്ങളും പ്രായോഗിക പരിശീലന കളരികളും പരിപാടിയുടെ ഭാഗമായി നടക്കും. ലോകമെമ്പാടുമുള്ള പ്രമുഖ ഡോക്ടർമാർ, ഗവേഷകർ, നഴ്സുമാർ, മറ്റ്ആരോഗ്യപ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.










