
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. കുറ്റപത്രത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് എന്നാണ് സൂചന. ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയ സിദ്ദിഖ് അവിടെവച്ച് അവരെ ബലാത്സംഗം ചെയ്തുവെന്നാണ് കുറ്റപത്രത്തിലുമുള്ളത്. നേരത്തേ കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിലും പൊലീസ് ഇക്കാര്യം പറഞ്ഞിരുന്നു. താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള സിദ്ദിഖിന്റെ രാജിക്കു കാരണമായ പീഡനപരാതി ശരിയെന്ന് ഉറപ്പിക്കുകയാണ് പ്രത്യേക അന്വേഷണസംഘം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപുതന്നെ നടി പീഡനം വെളിപ്പെടുത്തിയതിനു സാക്ഷികളുണ്ടെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. സംഭവം പുറത്തു പറയുമെന്നു നടി പറഞ്ഞപ്പോൾ, ഒരു പ്രൊഫൈലും ഇല്ലാത്തതിനാൽ അവരെ ആരും വിശ്വസിക്കില്ലെന്നും താനുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ നില പൂജ്യമാണെന്നും പറഞ്ഞ് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാലുടൻ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.











