ലൈംഗികാരോപണ കേസില്‍ നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവ നടിയുടെ ആരോപണം അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണെന്ന് ഹര്‍ജിയില്‍ സിദ്ദിഖ് ചൂണ്ടിക്കാട്ടി.
പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലെന്നും സംഭവം നടന്ന തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റെന്നും സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
സാധാരണക്കാരിയാണെന്നാണ് പരാതിക്കാരിയുടെ വാദം, എന്നാല്‍ പരാതിക്കാരി സാധാരണക്കാരിയല്ലെന്നും മറ്റൊരു മുഖം ഉണ്ടെന്നും അപേക്ഷയില്‍ പറയുന്നു.
സൂക്ഷമമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴി, മാനസിക വിഷമം മൂലമാണ് പരാതി നല്‍കാത്തതെത്താണ് നടിയുടെ വാദം എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ നിലപാടുവെച്ച് അങ്ങനെ കരുതാനാവില്ലെന്ന് സിദ്ദിഖ് പറഞ്ഞു.
പരാതിക്കാരിയുടെ നിലപാടുകളിലും പ്രസ്താവനകളിലും മൊഴിയിലും വൈരുദ്ധ്യമുണ്ട് പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന്റെ കാരണം ഇതുവരെയും ബോധ്യപ്പെടുത്താന്‍ നടിക്ക് ആയിട്ടില്ല അവര്‍ മാധ്യമങ്ങളിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.