12:15am 21 June 2026
NEWS
റാഗിംഗിന് 10 വർഷം വരെ തടവ്, ഒളിപ്പിച്ചാൽ സ്ഥാപനമേധാവി പ്രതിയാകും; 'സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആക്ട്' വരുന്നു
20/06/2026  09:13 AM IST
സുരേഷ് വണ്ടന്നൂർ
റാഗിംഗിന് 10 വർഷം വരെ തടവ്, ഒളിപ്പിച്ചാൽ സ്ഥാപനമേധാവി പ്രതിയാകും; സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആക്ട് വരുന്നു

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിൽ അതിക്രൂരമായ റാഗിംഗിനെ തുടർന്ന് മരണപ്പെട്ട സിദ്ധാർത്ഥന്റെ പേരിൽ സംസ്ഥാനത്ത് പുതിയ റാഗിംഗ് വിരുദ്ധ നിയമം വരുന്നു. 'സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്' എന്നാണ് പുതിയ നിയമനിർമ്മാണത്തിന് പേരിട്ടിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് റാഗിംഗ് ക്രൂരതകൾ നേരിടേണ്ടി വന്നാൽ അടിയന്തരമായി അധികൃതരെ അറിയിക്കാനായി 'സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്' എന്ന പേരിൽ പ്രത്യേക ആപ്ലിക്കേഷനും നിലവിൽ വരും. നിലവിൽ സി.ബി.ഐ അന്വേഷിക്കുന്ന സിദ്ധാർത്ഥൻ കേസിൽ റാഗിംഗ്, ഗൂഢാലോചന, ആത്മഹത്യാ പ്രേരണ ഉൾപ്പെടെ 9 കടുത്ത വകുപ്പുകളാണ് 20 പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
​ക്യാമ്പസുകളിൽ റാഗിംഗ് പൂർണ്ണമായും തടയാൻ അതിശക്തമായ വ്യവസ്ഥകളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സ്ഥാപനമേധാവികൾക്കെതിരെ പ്രേരണാക്കുറ്റം: റാഗിംഗ് പരാതികൾ ലഭിച്ചിട്ടും അത് അവഗണിക്കുകയോ, പൊലീസിൽ അറിയിക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയോ ചെയ്താൽ കോളേജ് അധികൃതർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും. കുറ്റവാളിയായ വിദ്യാർത്ഥിക്ക് ലഭിക്കുന്ന അതേ ശിക്ഷ തന്നെ സ്ഥാപനമേധാവിക്കും ലഭിക്കും.
​അംഗീകാരം റദ്ദാക്കും: മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ റാഗിംഗ് വിവരങ്ങൾ മറച്ചുവെച്ചാൽ ആ കോളേജുകളുടെ അംഗീകാരം തന്നെ റദ്ദാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടാകും.
​24 മണിക്കൂറിനകം കേസ്: വിദ്യാർത്ഥികൾ നൽകുന്ന പരാതികളിൽ 24 മണിക്കൂറിനകം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണം. ഇരകളെ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ പരാതി പിൻവലിപ്പിക്കുന്നതും കുറ്റകരമാക്കും.
​അഞ്ച് വർഷത്തേക്ക് പ്രവേശന വിലക്ക്: റാഗിംഗ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന പ്രതികൾക്ക് അടുത്ത 5 വർഷത്തേക്ക് സംസ്ഥാനത്തെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നൽകില്ല.
​അർദ്ധ ജുഡിഷ്യൽ ഓംബുഡ്സ്‌മാൻ: റാഗിംഗ് തടയാൻ വിരമിച്ച ജില്ലാ ജഡ്ജിമാരുടെ നേതൃത്വത്തിൽ സംസ്ഥാന-ജില്ലാ തലങ്ങളിൽ അർദ്ധ ജുഡിഷ്യൽ അധികാരത്തോടെയുള്ള ഓംബുഡ്സ്‌മാൻ സംവിധാനം കൊണ്ടുവരുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. മുൻപ് നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് ജസ്റ്റിസ് കെ.കെ. ദിനേശൻ കമ്മീഷൻ 2018-ൽ സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണിത്.
​കുറ്റവും ശിക്ഷയും
​വിദ്യാർത്ഥികൾക്ക് ശാരീരികമായോ മാനസികമായോ ദോഷം വരുത്തുന്ന എന്തും റാഗിംഗിന്റെ പരിധിയിൽ വരും. ഭയപ്പെടുത്തൽ, അധിക്ഷേപിക്കൽ, നാണംകെടുത്തൽ, പരിഭ്രമമുണ്ടാക്കൽ എന്നിവയെല്ലാം കുറ്റകരമാണ്. സാധാരണ റാഗിംഗ് കേസുകൾക്ക് 2 വർഷം തടവും പിഴയുമാണ് ശിക്ഷയെങ്കിൽ, ശാരീരികമായി ക്രൂരമായി മുറിവേൽപ്പിക്കുന്ന തരത്തിലുള്ള റാഗിംഗാണെങ്കിൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് നിയമം കർശനമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img