11:04pm 28 May 2026
NEWS
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു; ഡികെ ശിവകുമാറിന് 'പൂട്ടിടാൻ' ഡൽഹിക്ക് തിരിച്ചു
28/05/2026  04:53 PM IST
nila
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു; ഡികെ ശിവകുമാറിന് പൂട്ടിടാൻ ഡൽഹിക്ക് തിരിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ലോക്ഭവനിലെത്തി രാജിക്കത്ത് സമർപ്പിച്ച അദ്ദേഹം, ഹൈക്കമാൻഡിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് വ്യക്തമാക്കി. ഗവർണർ സ്ഥലത്തില്ലാത്തതിനാൽ രാജിക്കത്ത് ഓഫീസിൽ ഏൽപിക്കുകയായിരുന്നു. നേരത്തെ തന്നെ നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് അറിയിച്ചിരുന്നുവെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. മുഖ്യമന്ത്രിയാകുന്ന ഡി.കെ. ശിവകുമാറിനൊപ്പമാണ് സിദ്ധരാമയ്യ ലോക്ഭവനിലെത്തിയത്. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും കൂടെയുണ്ടായിരുന്നു. ലോക്ഭവനിൽ രാജിക്കത്ത് കൈമാറിയ ശേഷം സിദ്ധരാമയ്യ ഡൽഹിക്ക് തിരിച്ചു. പുതിയ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾക്കായാണ് യാത്രയെന്നാണ് സൂചന.

കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ വലിയ തർക്കമുണ്ടായിരുന്നു. ഒടുവിൽ രണ്ടര വർഷം വീതം അധികാരം പങ്കിടുന്ന ഫോർമുലയിലൂടെയാണ് അന്ന് പ്രശ്നപരിഹാരമുണ്ടായത്. സിദ്ധരാമയ്യയുടെ ഭരണകാലം മൂന്നാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ മാറ്റം.

അതേസമയം, രാജ്യസഭയിലേക്കില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി തുടരാനാണ് താൽപര്യമെന്നും നേതൃത്വത്തിന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നത് ഏകദേശം ഉറപ്പായിരിക്കെ, പിസിസി അധ്യക്ഷസ്ഥാനത്തേക്ക് സതീഷ് ജർകിഹോളിയുടെ പേര് ശക്തമായി ഉയരുന്നുണ്ട്. മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള സാധ്യതയും ചർച്ചയിലുണ്ട്. ജി. പരമേശ്വര, എം.ബി. പാട്ടീൽ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിൽ. മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം സിദ്ധരാമയ്യ മുന്നോട്ടുവയ്ക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മന്ത്രിസഭ രൂപീകരണത്തിലും ഹൈക്കമാൻഡിന്റെ സജീവ ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന. സിദ്ധരാമയ്യയെ പിണക്കാതിരിക്കാൻ ഡി.കെ. ശിവകുമാറിന് പൂർണ സ്വാതന്ത്ര്യം നൽകില്ലെന്ന വിലയിരുത്തലും രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്.

ഇന്ന് രാവിലെ ഔദ്യോഗിക വസതിയായ കാവേരിയിൽ മന്ത്രിമാർക്കായി സിദ്ധരാമയ്യ പ്രഭാതഭക്ഷണ വിരുന്നൊരുക്കിയിരുന്നു. ഭക്ഷണത്തിനിടെയാണ് മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന കാര്യം അദ്ദേഹം മന്ത്രിമാരെ അറിയിച്ചത്. ഡി.കെ. ശിവകുമാറിനെ പുതിയ മുഖ്യമന്ത്രിയായി പിന്തുണക്കണമെന്നും അദ്ദേഹം സഹപ്രവർത്തകരോട് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img