
ബിജെപിയുമായി കൂട്ടുകൂടി ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമി മനുവാദിയായി മാറിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരിഹസിച്ചു. കൃഷ്ണതത്വം പിന്തുടരുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും എന്നാൽ സിദ്ധരാമയ്യ കംസവാദിയാണെന്നും കുമാരസ്വാമി പ്രതികരിച്ചു. ജെഡിഎസ്സിൽ നിന്നും കോൺഗ്രസ്സിലെത്തിയ നേതാവാണ് സിദ്ധരാമയ്യ. അദ്ദേഹവും കുമാരസ്വാമിയും കുറച്ചുകാലം ജെഡിഎസ്സിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴാകട്ടെ ഇരുനേതാക്കളും കടുത്ത ശത്രുതയിലാണ്. സ്കൂൾ പാഠപദ്ധതിയിൽ ഭഗവത് ഗീതയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കുമാരസ്വാമി ഈയ്യിടെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനിന് കത്തെഴുതിയിരുന്നു. " ദേശീയ വിദ്യാഭ്യാസ നയം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതാണല്ലോ. ഭഗവത് ഗീതയിലെ പ്രസക്തഭാഗങ്ങൾ സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നത് വിദ്യാർത്ഥികൾക്ക് ധാർമ്മികമായ കരുത്ത് പകരും. അവരുടെ ചിന്താശേഷി വർധിപ്പിക്കുകയും ഉത്തമ പൗരന്മാരായി വളരാൻ ഭഗവത് ഗീത പ്രാപ്തരാക്കുകയും ചെയ്യും. അഗോളതലത്തിൽ മികവുറ്റവരായി മാറാൻ ഗീതാപഠനം ഉപകരിക്കും" കുമാരസ്വാമിയുടെ കത്തിൽ പറയുന്നു. അതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്. അംബേദ്കരുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. "ഭരണഘടന രൂപപ്പെടുത്തുന്നതിൽ അംബേദ്കരുടെ പങ്ക് നിസ്തുലമാണ്. സാമൂഹ്യ നീതി ഉറപ്പാക്കാനായി അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പൊരുതി. ഹിന്ദുമതത്തിലെ അനാചാരങ്ങളും അനീതികളും സഹിക്കവയ്യാതെയാണ് ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ ജൈനമതത്തിൽ ചേർന്നത്. എന്നാൽ അംബേദ്‌കറിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനായി രാഷ്ട്രീയത്തിൽ വന്ന കുമാരസ്വാമി ബിജെപിയുമായി ചേർന്ന് മനുവാദം പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുന്ന കാഴ്ച ഖേദകരമാണ് " സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. "നമ്മുടെ രാജ്യത്ത് ഇന്നത്തെ രാഷ്ട്രീയത്തിന്റെ അടിത്തറ കൃഷ്ണതത്വമാണ്. അറിവ്, ഭരണം തുടങ്ങിയ കാര്യങ്ങളിലെല്ലാം നമ്മെ നയിക്കുന്നത് ദൈവചിന്തയാണ്. കൃഷ്ണസൂക്തങ്ങൾ ആത്മീയമാണ്. എന്നാൽ സിദ്ധരാമയ്യയ്ക്കും കോൺഗ്രസ്സിനും അതൊന്നും സഹിക്കുന്നില്ല. അതിനാലാണ് അവർ പരിഹസിക്കുന്നത്" കുമാരസ്വാമി പ്രതികരിച്ചു.
Photo Courtesy - Google











