11:38am 11 November 2026
NEWS
ജാതി സെൻസസ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ
27/09/2025  11:15 AM IST
വിഷ്ണുമംഗലം കുമാർ
ജാതി സെൻസസ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ

ജാതി സെൻസസ് മുൻകൂട്ടി നിശ്ചയിച്ചതുപോലെ അടുത്തമാസം ഏഴിന് പൂർത്തിയാക്കുമെന്നും തിയ്യതി നീട്ടുന്ന പ്രശ്നമില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഈ മാസം
22ന് ആരംഭിച്ച സർവ്വേ നടപടികൾ സാങ്കേതിക പ്രശ്നങ്ങളും മറ്റു തടസ്സങ്ങളും മൂലം പലേടത്തും ഒച്ചിഴയുമ്പോലെയാണ് നീങ്ങുന്നത്. ഈ വിധം മുന്നോട്ടുപോയാൽ സമയബന്ധിതമായി പൂർത്തിയാക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വേഗത വർധിപ്പിക്കാൻ ചീഫ് സെക്രട്ടറി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭരണകക്ഷിയായ കോൺഗ്രസ്സിനകത്തുനിന്നുതന്നെ ശക്തമായ എതിർപ്പ് നിലനിൽക്കെയാണ്, അഭിമാന പ്രശ്നമായെടുത്ത് സിദ്ധരാമയ്യ രണ്ടാം ജാതി സെൻസസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കസേര നിലനിർത്തുക എന്ന ഗൂഢലക്ഷ്യം കൂടി അതിന്റെ പിന്നിലുണ്ടെന്ന് എതിരാളികൾ ആരോപിക്കുന്നു. പ്രബലരായ ലിങ്കായത്ത്, വൊക്കലിഗ, ബ്രാഹ്മണ സമുദായങ്ങൾ ജാതി സെൻസസിന് എതിരാണ്. എന്നാൽ പിന്നോക്ക വിഭാഗവും ദളിതരും ന്യുനപക്ഷവും അക്കാര്യത്തിൽ സിദ്ധരാമയ്യയ്‌ക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. ഈ വിഭാഗങ്ങളുടെ കൂട്ടായ്മയായ അഹിന്ദയുടെ അടിയുറച്ച പിൻബലമാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിപദവിയിൽ സുരക്ഷിതമായി നിലനിർത്തുന്നത്. ജാതി സെൻസസിലെ കണ്ടെത്തലുകൾ അഹിന്ദ വിഭാഗത്തിന് ഗുണകരമാകുമെന്ന കണക്കുകൂട്ടലാണ് പൊതുവിലുള്ളത്. ഒന്നാം തവണ മുഖ്യമന്ത്രിയായിരിക്കെ 2015ൽ സിദ്ധരാമയ്യ ജാതി സെൻസസ് നടത്താൻ ഉത്തരവിട്ടിരുന്നു. വീണ്ടും മുഖ്യമന്ത്രിയായതിനെ തുടർന്ന് കഴിഞ്ഞവർഷം ആ റിപ്പോർട്ട് പിന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ സിദ്ധരാമയ്യയ്‌ക്ക് കൈമാറി. എന്നാൽ പ്രബല സമുദായങ്ങളുടെ അതിരൂക്ഷമായ എതിർപ്പ് മൂലം ആ റിപ്പോർട്ട് ചർച്ചയ്ക്ക് പോലും എടുക്കാനാവാതെ തള്ളേണ്ടിവന്നു. രണ്ടാമതും ജാതി സെൻസസ് നടത്താൻ സിദ്ധരാമയ്യ ഉത്തരവിട്ടത് പലരും ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി സെൻസസ് നടപടികൾ സ്റ്റേ ചെയ്തില്ല. ജാതി വിവരങ്ങൾ നൽകാൻ ആരെയും നിർബ്ബന്ധിക്കരുതെന്നും ശേഖരിക്കുന്ന വിവരങ്ങൾ പുറത്തുപോകാതെ സൂക്ഷിക്കണമെന്നുമുള്ള നിർദ്ദേശം നൽകിക്കൊണ്ട് സർവ്വേ തുടരാൻ ഹൈക്കോടതി അനുവദിച്ചത് സിദ്ധരാമയ്യയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ദസറ അവധി കാലത്ത് സെൻസസ് ജോലിയ്ക്ക് നിയോഗിച്ചതിൽ അധ്യാപകരും മറ്റും അസംതൃപ്താരാണ്. പലരുടെയും കുടുംബത്തോടൊപ്പമുള്ള അവധിയാത്രകളും ആരോഗ്യ പരിപാലന പദ്ധതികളും അട്ടിമറിക്കപ്പെട്ടു. സെൻസസ് നീട്ടിവെക്കാൻ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും ഗവണ്മെന്റ് വഴങ്ങിയില്ല. രണ്ടാം ജാതി സെൻസസ് എത്രയും വേഗം പൂർത്തിയാക്കേണ്ടത് സിദ്ധരാമയ്യയുടെ വ്യക്തിപരമായ ആവശ്യമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img