04:54am 30 April 2026
NEWS
മുഖ്യമന്ത്രിക്കസേരയിൽ കാലാവധി തികച്ച് റിക്കാർഡ് സൃഷ്ടിക്കാൻ സിദ്ധരാമയ്യയുടെ രാഷ്ട്രീയ- ധന തന്ത്രങ്ങൾ
13/03/2025  12:51 PM IST
വിഷ്ണുമംഗലം കുമാർ
മുഖ്യമന്ത്രിക്കസേരയിൽ കാലാവധി തികച്ച് റിക്കാർഡ് സൃഷ്ടിക്കാൻ സിദ്ധരാമയ്യയുടെ രാഷ്ട്രീയ- ധന തന്ത്രങ്ങൾ

കർണാടകം : ബിജെപി തെക്കെ ഇന്ത്യയിൽ ആദ്യമായി താമര വിരിയിച്ച സംസ്ഥാനമാണ് കർണാടകം. സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും കൂട്ടായ നേതൃത്വത്തിലാണ് 2023-ൽ കോൺഗ്രസ്സ് ഈ സംസ്ഥാനം തിരിച്ചുപിടിച്ചത്. ബിജെപിയെ അധികാരത്തിലെത്തിച്ച യഡിയൂരപ്പയെ അകാലത്ത്, അകാരണമായി ആ പാർട്ടിയുടെ ദേശീയ നേതൃത്വം തന്ത്രപൂർവ്വം ഇടപെട്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതാണ് ബിജെപി ശിഥിലമാകാനും കോൺഗ്രസ്സിന് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറാനും ഇടയായത്. കർണാടക കാര്യത്തിൽ സംഭവിച്ച പിഴവ് അമിത് ഷാ വൈകിയാണെങ്കിലും മനസ്സിലാക്കി. എന്നാൽ അപ്പോഴേക്കും രാഷ്ട്രീയചിത്രം മാറുകയും തിരികെ കൊണ്ടുവന്ന യഡിയൂരപ്പയുടെ പോരാട്ടവീര്യവും ജനസ്വാധീനവും നഷ്ടപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയത്തിൽ ഒരു പിഴവ് സംഭവിച്ചാൽ അത് തിരുത്തി പഴയ നിലയിലേക്കെത്താൻ പ്രയാസമേറെയുണ്ട്. ഇപ്പോഴും കർണാടകത്തിൽ ബിജെപി തളർന്നുകിടക്കുകയാണ്. ജെഡിഎസ് ഒന്നിച്ചുണ്ടെങ്കിലും സിദ്ധരാമയ്യയും ശിവകുമാറും ശക്തരായിരിക്കുന്ന കാലത്തോളം ബിജെപിയ്ക്ക് ഒരു തിരിച്ചുവരവ് എളുപ്പമാവില്ല. മുഖ്യമന്ത്രിസ്ഥാനം തീവ്രമായി അഭിലഷിച്ചതും ഹൈക്കമാണ്ടിന്റെ പിന്തുണ നേടിയതും ശിവകുമാറാണെങ്കിലും കൗശലപൂർവ്വം ആ പദവി നേടിയെടുത്തത് രാഷ്ട്രീയക്കളി നന്നായറിയാവുന്ന സിദ്ധരാമയ്യയാണ് . രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി പദവി ശിവകുമാറിന് കൈമാറണമെന്ന് ഹൈക്കമാണ്ട് രഹസ്യനിർദ്ദേശം നൽകിയിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും സിദ്ധരാമയ്യ അത് തള്ളുകയാണ്. "അത്തരം നിബന്ധനകളൊന്നുമില്ല. ഉണ്ടെങ്കിൽ ഹൈക്കമാണ്ട് പറയട്ടെ, അവരുടെ താല്പര്യം പോലെ ചെയ്യാം" എന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. അങ്ങനെ വല്ല നീക്കുപോക്കുമുണ്ടെങ്കിൽ ഇക്കൊല്ലം നവംബറിൽ രണ്ടര വർഷം പൂർത്തിയാകുമ്പോൾ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കേണ്ടിവരും. എന്നാൽ അതിനൊന്നും സിദ്ധരാമയ്യ ഒരുക്കമല്ല എന്നാണ് അദ്ദേഹം അവതരിപ്പിച്ച ബജറ്റിന്റെ സ്വഭാവവും പ്രധാന അനുയായികളുടെ പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. കാലാവധി പൂർത്തിയാവുന്ന 2028 വരെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തുണ്ടാവുമെന്ന് അവർ അടിവരയിടുന്നു. ഏറ്റവും കൂടുതൽ കാലം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി എന്ന റിക്കാർഡിനാണ് സിദ്ധരാമയ്യ പരിശ്രമിക്കുന്നത്. നിലവിൽ ഏഴു വർഷവും 236 ദിവസവും ഭരിച്ച ദേവരാജ് അറസിനാണ് ആ റിക്കാർഡ്. ആദ്യതവണത്തെ അഞ്ചുവർഷവും ചേർത്ത് ആറെമുക്കാൽ കൊല്ലമേ സിദ്ധരാമയ്യ പൂർത്തിയാക്കിയിട്ടുള്ളൂ.ഇനിയും ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. തന്നെ കയ്യും മെയ്യും മറന്ന് പിന്തുണക്കുന്ന 'അഹിന്ദ' വിഭാഗത്തിന് അദ്ദേഹം ബജറ്റിൽ വാരിക്കോരി നൽകിയിട്ടുണ്ട്. ധനകാര്യം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനാൽ ഉപ മുഖ്യമന്ത്രി ശിവകുമാറിന് ആ വകുപ്പിൽ ഇടപെടാനാവില്ല. മുഖ്യമന്ത്രിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയ്ക്കായി (CMIDP) സിദ്ധരാമയ്യ നീക്കിവെച്ചത് 8000 കോടി രൂപയാണ്. ഓരോ എം എൽഎമാർക്കും ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ആ ഫണ്ടിൽ നിന്നും 35 കോടി രൂപ വീതം നൽകും. നിലവിൽ ഒരു എം എൽ എയ്ക്ക് പ്രാദേശിക വികസനത്തിന് ( LAD)രണ്ടുകോടി രൂപയാണ് ലഭിക്കുന്നത്. ഡി കെ ശിവകുമാറിനും സിദ്ധരാമയ്യയെ കുറ്റപ്പെടുത്താൻ കഴിയില്ല. ബംഗളുരു നഗരവികസനത്തിന് 3000 കോടിരൂപയാണ് കഴിഞ്ഞ വർഷം അനുവദിച്ചിരുന്നത്. ഈ വർഷത്തെ ബജറ്റിൽ അത് 7000 കോടിയായി ഉയർത്തിയിട്ടുണ്ട്. ബംഗളുരുനഗര വികസനത്തിന്റെ ചുമതല വഹിക്കുന്നത് ശിവകുമാറാണ്. മാത്രവുമല്ല ശിവകുമാറിന്റെ സ്വപ്നപദ്ധതിയായ തുരങ്കപാതയ്ക്ക് മുഖ്യമന്ത്രി അനുമതി നൽകുകയും ആദ്യ ഗഡുവായി 19000 കോടി ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ തന്ത്രവും ധനതന്ത്രവും ഒരു പോലെ വശമുള്ള സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. എഴുപത്തേഴിലേക്ക് കടക്കുന്ന അദ്ദേഹത്തെ മുട്ടുവേദന കലശലായി അലട്ടുന്നുണ്ട്. വേഗത്തിൽ നടക്കാനോ പടികൾ കയറാനോ വയ്യ. പ്രത്യേക റാമ്പ് ഉണ്ടാക്കിയാണ് അദ്ദേഹം നിയമസഭയിലേക്കും ഓഫീസിലേക്കും പ്രവേശിക്കുന്നത്. യാത്രകൾ ഒഴിവാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും മുഖ്യമന്ത്രിസ്ഥാനത്ത് തുടർന്ന് ജനസേവനം നടത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img