10:41am 22 September 2026
NEWS
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വിട; 2028-ൽ മത്സരിക്കില്ലെന്ന് സിദ്ധരാമയ്യ
26/07/2026  06:41 PM IST
nila
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വിട; 2028-ൽ മത്സരിക്കില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. നിലവിലെ രാഷ്ട്രീയം പൂർണമായും ദുഷിച്ചിരിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം, 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് വ്യക്തമാക്കി. സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. കർണാടക മുഖ്യമന്ത്രിസ്ഥാനം ഡി.കെ. ശിവകുമാറിന് കൈമാറിയതിന് പിന്നാലെ ആഴ്ചകൾക്കുള്ളിലാണ് അദ്ദേഹത്തിന്റെ ഈ നിർണായക തീരുമാനം. രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം.

സിദ്ധരാമയ്യയുടെ വാക്കുകൾ ഇങ്ങനെ: 

'എനിക്ക് ഇപ്പോൾ 79 വയസായി. നമ്മുടെ സർക്കാരിന് ഇനിയും ഒന്നരവർഷം ബാക്കിയുണ്ട്. അപ്പോഴേക്ക് എനിക്ക് 81-82 വയസാകും. ഞാൻ പഴയതുപോലെ ആരോഗ്യവാനല്ല. മുമ്പത്തേത് പോലെ ആവേശത്തോടെ പ്രവർത്തിക്കാൻ ഇനി കഴിയില്ല. ഇന്ന്, രാഷ്ട്രീയരംഗം ആകെ ദുഷിച്ചുപോയി. അതിനാൽ 2028-ലെ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. എന്നാലും രാഷ്ട്രീയത്തിൽ സജീവമായി തുടരും. ജനങ്ങളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും അവരുടെ ശബ്ദമായി ഞാൻ നിലകൊള്ളും.'.

'തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ ജനങ്ങൾക്ക് പണം നൽകുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇന്നത്തെ രാഷ്ട്രീയം പൂർണമായി ദുഷിച്ചിരിക്കുകയാണ്. സത്യസന്ധമായ രാഷ്ട്രീയത്തിന് ഇവിടെ ഇടമില്ലാതായി. ഈ സാഹചര്യത്തിലാണ് ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന തീരുമാനത്തിലേക്ക് ഞാനെത്തിയത്.'

'2028-ൽ എനിക്ക് 82 വയസാകും. അന്ന് എന്റെ രാഷ്ട്രീയജീവിതത്തിന് 50 വർഷം തികയും. 1978-ൽ താലൂക്ക് ബോർഡ് അംഗമായാണ് എന്റെ രാഷ്ട്രീയജീവിതം ഞാൻ തുടങ്ങിയത്. വിജയങ്ങളും പരാജയങ്ങളും കണ്ടയാളാണ് ഞാൻ. എന്നാൽ ഞാൻ വിശ്വസിച്ച തത്വങ്ങൾക്ക് എതിരെ പ്രവർത്തിച്ചിട്ടില്ല എന്നതും മനസാക്ഷിയെ വഞ്ചിച്ചിട്ടില്ല എന്നതും എനിക്ക് സംതൃപ്തി നൽകുന്നു. അഞ്ച് പതിറ്റാണ്ടായി കർണാടകയിലെ ജനങ്ങൾ എന്നെ അവരിലൊരാളായി കണ്ടു, സ്‌നേഹത്തോടെ എന്നെ നയിച്ചു. ആ കടം എന്റെമേലുണ്ട്. അതിനാൽ തന്നെ എന്റെ ഭാവിജീവിതവും പൊതുപ്രവർത്തനത്തിനായി സമർപ്പിക്കും.'

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img