
പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ നൊടിയിടയിൽ തവിടുപൊടിയാക്കിക്കൊണ്ട് പെഹൽഗാം കൂട്ടക്കൊലയ്ക്ക് ചുട്ട മറുപടി നൽകിയ നമ്മുടെ സൈന്യത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിനന്ദിച്ചു. " ശക്തമായ മുന്നറിയിപ്പാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ സൈന്യം പാക്കിസ്ഥാന് നൽകിയത്. അത് വളരെ കൃത്യമായിരുന്നു. അവരുടെ പട്ടാളത്തെയോ സിവിലിയന്മാരെയോ നാം ഉപദ്രവിച്ചില്ല. ഭീകരരുടെ താവളങ്ങളാണ് തകർത്തത്. തീവ്രവാദത്തെ ചെറുക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ എല്ലാ നീക്കങ്ങൾക്കും കർണാടകത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും" സിദ്ധരാമയ്യ വ്യക്തമാക്കി. കേന്ദ്രഗവണ്മെന്റിനെയും ബിജെപിയെയും നിരന്തരം കടന്നാക്രമിക്കുന്ന കോൺഗ്രസ്സ് നേതാവാണ് സിദ്ധരാമയ്യ. ഹിന്ദുത്വവാദികളെയും അദ്ദേഹം അതിശക്തമായി എതിർത്തുപോന്നിരുന്നു. അദ്ദേഹത്തിന്റെ പാകിസ്ഥാൻ അനുകൂല പ്രസ്താവനകൾ വിവാദമായിരുന്നു. പാക്കിസ്ഥാനുമായി യുദ്ധം വേണ്ടെന്നായിരുന്നു പഹൽഗാം സംഭവത്തിന് ശേഷവും സിദ്ധരാമയ്യ പറഞ്ഞത്. അത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒരുപക്ഷെ രാഹുൽഗാന്ധി കേന്ദ്ര ഗവണ്മെന്റിനെയും സൈന്യത്തെയും പുകഴ്ത്തിയതിനാലാവാം ഇന്നലെ സിദ്ധരാമയ്യയുടെ നിലപാടുകൾ അടിമുടി മാറുന്നതാണ് കണ്ടത്. അദ്ദേഹം നെറ്റിയിൽ കുറിയണിഞ്ഞ് പത്രസമ്മേളനത്തിനെത്തിയത് ആശ്ചര്യമുളവാക്കി. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കേന്ദ്ര നയങ്ങൾക്ക് എതിരായുള്ള പ്രതിഷേധയോഗം ഇന്നലെ റെയ്ച്ചുരിൽ നടക്കേണ്ടതായിരുന്നു. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ആ യോഗം സിദ്ധരാമയ്യ റദ്ദാക്കി. മോക് ഡ്രില്ലിൽ മുഖ്യമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചു. സിദ്ധരാമയ്യയുടെ നയംമാറ്റത്തെ ബിജെപി പരിഹസിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ നെറ്റിയിൽ സിന്ദൂരക്കുറിയണിഞ്ഞ് പത്രസമ്മേളനത്തിന് എത്തിയത് സംസ്ഥാനമൊട്ടാകെ ചർച്ചാവിഷയമായി.
Photo Courtesy - Google











