01:17pm 27 July 2026
NEWS
സിദ്ധരാമയ്യ മാറാനിടയില്ല; മുഖ്യമന്ത്രിക്കസേരയ്ക്ക് അവകാശവാദവുമായി ആഭ്യന്തരമന്ത്രി പരമേശ്വരയും
25/11/2025  11:19 AM IST
വിഷ്ണുമംഗലം കുമാർ
സിദ്ധരാമയ്യ മാറാനിടയില്ല; മുഖ്യമന്ത്രിക്കസേരയ്ക്ക് അവകാശവാദവുമായി ആഭ്യന്തരമന്ത്രി പരമേശ്വരയും

നവംബർ വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെട്ട നേതൃമാറ്റം നടക്കാൻ സാധ്യത വിരളമാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാന ശ്രമം നടത്തുകയാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. അദ്ദേഹത്തെ പിന്തുണക്കുന്ന എം എൽ എമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിലെത്തി ഹൈക്കമാണ്ടിൽ സമ്മർദ്ദം തുടരുകയാണ്. യഥാർത്ഥ ഹൈക്കമാണ്ടായ രാഹുൽഗാന്ധി ഡൽഹിയിലില്ല, വിദേശത്താണ്. കർണാടകത്തിന്റെ ചുമതലയുള്ള എഐ സിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാല, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ എന്നിവരെയാണ് എം എൽ എമാർ കാണുന്നത്. ഖാർഗെ ബംഗളുരുവിൽ എത്തിയപ്പോഴും ശിവകുമാറുമായി അടുപ്പമുള്ള ചില എംഎൽഎമാർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. നേതൃമാറ്റം ഹൈക്കമാണ്ട് തീരുമാനിക്കുമെന്ന് ഖാർഗെ പറഞ്ഞതിനെ ബിജെപി പരിഹസിച്ചു. ദേശീയ അധ്യക്ഷന്റെ മുകളിൽ മറ്റൊരു ഹൈക്കമാണ്ടോ എന്നായിരുന്നു ബിജെപി നേതാക്കളുടെ ചോദ്യം. സിദ്ധരാമയ്യ വ്യക്തമാക്കിയതും ഹൈക്കമാണ്ടിന്റെ തീരുമാനം അനുസരിക്കുമെന്നാണ്. മുഖ്യമന്ത്രിയുടെ വാക്കുകൾ വേദവാക്യമാണെന്ന് ശിവകുമാറും പറയുന്നു. അതിനിടയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വരയും രംഗത്തുവന്നിട്ടുണ്ട്. കോൺഗ്രസ്സിൽ സിദ്ധരാമയ്യയേക്കാൾ മുതിർന്ന നേതാവാണ് പരമേശ്വര. 2013 ൽ പിസിസി അധ്യക്ഷനായിരുന്ന അദ്ദേഹമാണ് മുഖ്യമന്ത്രി ആകേണ്ടിയിരുന്നത്. ഹൈക്കമാണ്ടിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും അദ്ദേഹമായിരുന്നു.സംസ്ഥാനത്ത് അത്തവണ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും സ്വന്തം സുരക്ഷിത മണ്ഡലമായ തുമക്കൂരുവിലെ കൊരട്ടഗെരെയിൽ പരമേശ്വര യാദൃശ്ചികമായി പരാജയപ്പെടുകയാണ് ഉണ്ടായത്. അങ്ങനെയാണ് 2005 ൽ കോൺഗ്രസ്സിലെത്തിയ സിദ്ധരാമയ്യയ്‌ക്ക് മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചത്. മുഖ്യമന്ത്രിയായതോടെ സിദ്ധരാമയ്യ പാർട്ടിയിൽ സ്വാധീനം വർധിപ്പിച്ചു. ഭേദപ്പെട്ട ഭരണം കാഴ്ചവെച്ച് പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. 2023 ലും മുഖ്യമന്ത്രിയാകാൻ സിദ്ധരാമയ്യയ്‌ക്ക് കഴിഞ്ഞു. പരമേശ്വര പിന്നിലേക്ക് തള്ളപ്പെടുകയും കരുത്തനായ ഡി കെ ശിവകുമാർ രണ്ടാമനായി ഉയരുകയും ചെയ്തു.അധികാരത്തിൽ രണ്ടര വർഷം പൂർത്തിയാകുന്ന നവംബറിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേര വിട്ടുകൊടുക്കുമെന്ന് ശിവകുമാർ കരുതിയിരുന്നു. പക്ഷെ അതുണ്ടായില്ല. നവംബർ തീരാറായി. ശിവകുമാർ പരിശ്രമം തുടരുമ്പോഴാണ് പരമേശ്വരയുടെ രംഗപ്രവേശം.  "മത്സരരംഗത്ത് ഞാൻ എപ്പോഴുമുണ്ട്. ഹൈക്കമാണ്ടാണ് തീരുമാനമെടുക്കേണ്ടത്" പരമേശ്വര പറഞ്ഞു. " രണ്ടര വർഷം പൂർത്തിയാകുമ്പോൾ സിദ്ധരാമയ്യ മാറണമെന്ന വ്യവസ്ഥയൊന്നും അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുക്കുമ്പോൾ നിയമസഭാകക്ഷി യോഗം മുന്നോട്ട് വെച്ചിരുന്നില്ല. എന്നിരുന്നാലും ഹൈക്കമാണ്ടിന് ഉചിതമായ തീരുമാനം കൈക്കൊള്ളാം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഞാനുമുണ്ട് " ഒരു ചോദ്യത്തിന് ഉത്തരമായി പരമേശ്വര വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img