09:27pm 08 September 2026
NEWS
സിദ്ധരാമയ്യ വീണ്ടും 'അഹിന്ദ' ശക്തിപ്പെടുത്തുന്നു; ലക്ഷ്യം അധികാരമോ ..
07/09/2026  11:33 AM IST
വിഷ്ണുമംഗലം കുമാർ
സിദ്ധരാമയ്യ വീണ്ടും അഹിന്ദ ശക്തിപ്പെടുത്തുന്നു; ലക്ഷ്യം അധികാരമോ ..

ബംഗളുരു: ഈ വർഷം ജൂണിൽ ഹൈക്കമാണ്ട് താല്പര്യപ്രകാരം മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നതിന് ശേഷം   പൊതുവേദികളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു കോൺഗ്രസ്സ് നേതാവ് സിദ്ധരാമയ്യ. കാലാവധി പൂർത്തിയാകും മുമ്പ് മുഖ്യമന്ത്രിക്കസേര കൈവിടേണ്ടിവന്നതിൽ അദ്ദേഹം അതീവ ദുഃഖിതനായിരുന്നു. എന്നാൽ സ്ഥാനം നിലനിർത്താനായി അദ്ദേഹം കരുനീക്കുകയോ ഹൈക്കമാണ്ടുമായി ഇടയുകയോ ചെയ്തില്ല. 2013-18 ലെ ആദ്യകാലയളവിൽ അദ്ദേഹം അഞ്ചുവർഷം തികച്ചിരുന്നു. രണ്ടാംതവണ മുഖ്യമന്ത്രിയായത് 2023 ലാണ്. പക്ഷെ മൂന്നുവർഷം പൂർത്തിയായപ്പോൾ അഴിമതിയാരോപണങ്ങളോ പ്രശ്നങ്ങളോ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന് പടിയിറങ്ങേണ്ടിവന്നു. ഹൈക്കമാണ്ടുമായി വളരെ അടുപ്പമുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് വേണ്ടിയാണ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നത്. ജെഡി എസ്സിൽ നിന്നെത്തിയ നേതാവാണ് സിദ്ധരാമയ്യ. 2005 ലാണ് അദ്ദേഹം കോൺഗ്രസ്സിൽ ചേർന്നത്. ഉയർന്ന രാഷ്ട്രീയാവബോധവും പക്വതയും ഭരണപരമായ കഴിവുമുള്ളതിനാലാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ സാധിച്ചത്. പക്ഷെ രണ്ടാംതവണ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ കാലാവധി തികയ്ക്കും മുമ്പ് മാറ്റപ്പെട്ടത് ക്ഷീണമായി. 2021 ൽ ബിജെപി നേതാവ് യഡിയൂരപ്പയെ ആ പാർട്ടിയുടെ ദേശീയ നേതൃത്വം കാലാവധിയ്ക്ക് മുമ്പ് മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റിയതിന് സമാനമായ അനുഭവമാണ് സിദ്ധരാമയ്യയ്ക്കുണ്ടായത്. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അടിത്തറ തകരാൻ യഡിയൂരപ്പ സംഭവം കാരണമായിരുന്നു. യഡിയൂരപ്പയെ നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടും ആ തകർച്ചയിൽ നിന്ന് കരകയറാൻ ഇതുവരെ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല. പിന്നോക്ക വിഭാഗ- ദളിത്- ന്യൂനപക്ഷ കൂട്ടായ്മയായ അഹിന്ദയാണ് സിദ്ധരാമയ്യയുടെ ശക്തി. കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള അഹിന്ദയുടെ ഏറ്റവും പ്രബലനായ നേതാവ് സിദ്ധരാമയ്യയാണ്. പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാർ വൊക്കലിഗ സമുദായക്കാരനാണ്. അദ്ദേഹത്തിന് അഹിന്ദ പിൻബലം ലഭിക്കണമെങ്കിൽ സിദ്ധരാമയ്യയെ കൂടെ നിർത്തണം. ഇപ്പോൾ സിദ്ധരാമയ്യയും അഹിന്ദയും ഡി കെയെ പിന്തുണക്കുന്നുണ്ട്. എത്രകാലം അതുണ്ടാകുമെന്ന് പറയാനാവില്ല. മൂന്നുമാസം കടന്നുപോയതോടെ അഹിന്ദയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ രംഗത്തിറങ്ങിയിരിക്കുകയാണ് സിദ്ധരാമയ്യ. ഇന്നലെ അഹിന്ദയുടെ വിപുലമായ ഒരു യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അധികാരത്തിലേക്ക് തിരിച്ചുവരാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്ന അഭ്യൂഹം ഈ നീക്കം ഉയർത്തിയിട്ടുണ്ട്. 2028 ലെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കർണാടകത്തിലെ കോൺഗ്രസ്സിന് സിദ്ധരാമയ്യയുടെ നേതൃത്വം കൂടിയേ തീരു. എഴുപത്തഞ്ചാം വയസ്സിലേക്ക് കടന്ന 2022 ൽ ദാവൺഗെരെയിൽ സംഘടിപ്പിച്ചിരുന്ന അഹിന്ദ സമ്മേളനമാണ് 2023 ൽ സിദ്ധരാമയ്യയെ രണ്ടാം തവണയും മുഖ്യമന്ത്രി പദത്തിലെത്തിച്ചത്. 78 കാരനായ സിദ്ധരാമയ്യ ഒരിക്കൽ കൂടി മുഖ്യമന്തിയാകാൻ പരിശ്രമിക്കുന്നുണ്ടെന്നാണ് അഹിന്ദ ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ പുതിയ നീക്കങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img