04:14pm 29 April 2026
NEWS
അഹിന്ദ പിന്തുണയോടെ ദേവരാജ് അറസിന്റെ റെക്കോർഡ് ഭേദിച്ച് സിദ്ധരാമയ്യ
07/01/2026  10:53 AM IST
വിഷ്ണുമംഗലം കുമാർ
അഹിന്ദ പിന്തുണയോടെ ദേവരാജ് അറസിന്റെ  റെക്കോർഡ് ഭേദിച്ച് സിദ്ധരാമയ്യ

 പിന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി നിലകൊണ്ട കർണാടക മുഖ്യമന്ത്രിമാരുടെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് ദേവരാജ് അറസും സിദ്ധരാമയ്യയും. രണ്ടുനേതാക്കളും മൈസൂരുവിൽ നിന്നുള്ളവർ. എഴുപതുകളിലാണ് അറസ് കർണാടകം ഭരിച്ചത്. പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി നിരവധി സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കിയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. ലിങ്കായത്തരും വൊക്കലിഗരും പ്രബല രാഷ്ട്രീയശക്തികളായി വിലസുമ്പോഴായിരുന്നു പിന്നോക്കക്കാരനായിരുന്ന അരസിന്റെ മുന്നേറ്റം. ക്ഷത്രിയ വിഭാഗത്തിലെ അറസു സമുദായക്കാരനായിരുന്നു അദ്ദേഹം. മൈസൂരു ജില്ലയിൽ കേരളത്തോട് അടുത്തുകിടക്കുന്ന ഹുൻസൂറിലെ കല്ലഹള്ളി ഗ്രാമത്തിലാണ് അദ്ദേഹം പിറന്നത്. പിന്നോക്കവിഭാഗക്കാരുടെ പിന്തുണയും അടിയന്തരാവസ്ഥയിലെ അധികാരസ്വാതന്ത്ര്യവുമാണ് ദേവരാജ് അരസിന് അംഗീകാരം നേടിക്കൊടുത്തത്. എഴുവർഷവും 239 ദിവസവുമാണ് അറസ് കർണാടകം ഭരിച്ചത്. ഏറ്റവും കൂടുതൽ കാലം സംസ്ഥാനത്ത് മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് ദശകങ്ങളോളം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് അധികാരത്തിൽ വന്നവർക്ക് അഞ്ചുവർഷം പൂർത്തിയാക്കാൻ പോലും സാധിച്ചിരുന്നില്ല. മൈസൂരു വരുണ ഹൊബ്ലിയിലെ സിദ്ധരാമനഹുണ്ടിയാണ് കുറുബ (ആട്ടിടയർ) സമുദായക്കാരനായ സിദ്ധരാമയ്യയുടെ ജന്മഗ്രാമം. കർണാടക ക്രാന്തി ദളിലൂടെയാണ് അറസ് കോൺഗ്രസ്സിലെത്തിയതെങ്കിൽ ഭാരതീയ ലോക് ദളിൽ തുടങ്ങി ജനതാപാർട്ടിയിലൂടെയാണ് സിദ്ധരാമയ്യ കോൺഗ്രസ്സിലേക്ക് കടന്നുവന്നത്. വർഷങ്ങൾക്കകം കോൺഗ്രസ്സിലെ ശക്തനായ നേതാവാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നോക്കവിഭാഗ- ദളിത്- ന്യൂനപക്ഷ കൂട്ടുകെട്ടായ അഹിന്ദയുടെ അകമഴിഞ്ഞ പിന്തുണയാണ് സിദ്ധരാമയ്യയെ കരുത്തനാക്കിയത്. പ്രബല സമുദായക്കാരുടെ എതിർപ്പുകൾ അവഗണിച്ച് അഹിന്ദ വിഭാഗത്തിന് ആനുകൂല്യങ്ങൾ വാരിവലിച്ചു നൽകിയാണ് സിദ്ധരാമയ്യ കോൺഗ്രസ്സിലെ ഉന്നതനും സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനുമായി മാറിയത്. ഏറ്റവുമധികം കാലം മുഖ്യമന്ത്രി യായിരുന്നതിന്റെ ദേവരാജ് അരസിന്റെ റെക്കോർഡ് ഇന്നലെ സിദ്ധരാമയ്യ മറികടന്നു. ഏറ്റവും കൂടുതൽ കാലം കർണാടകം ഭരിച്ച മുഖ്യമന്ത്രി എന്ന അംഗീകാരം ഇനി സിദ്ധരാമയ്യയ്‌ക്ക് ഉള്ളതാണ്. കരുത്തനായ ഡി കെ ശിവകുമാർ ഉയർത്തിയ വെല്ലുവിളികൾ സമർത്ഥമായി നേരിട്ടാണ് സിദ്ധരാമയ്യ പുതിയ റെക്കോർഡ് സ്ഥാപിച്ചത്. ആ നേട്ടം കൈവരിച്ചതോടെ സിദ്ധരാമയ്യ സന്തോഷവാനാണ്. ഹൈക്കമാണ്ടിന് താല്പര്യമുള്ള ശിവകുമാറിന് വേണ്ടി അദ്ദേഹം മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുക്കുമോ അതല്ല രണ്ടാം തവണയും കാലാവധി പൂർത്തിയാക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img