
കർണാടകത്തിൽ മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുകയാണ് കരുത്തനായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോൺഗ്രസ്സ് ഹൈക്കമാണ്ടിന്റെ താല്പര്യവും ചർച്ചയും ആ വഴിയ്ക്കാണ് നീങ്ങുന്നത്. 2023 ൽ രണ്ടാം തവണ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ ഇക്കഴിഞ്ഞ നവംബർ ഇരുപതിനാണ് രണ്ടരവർഷം പൂർത്തിയാക്കിയത്. അതോടെ അദ്ദേഹം മുഖ്യമന്ത്രിക്കസേര ശിവകുമാറിന് കൈമാറുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. നവംബർ വിപ്ലവം എന്നായിരുന്നു മാധ്യമങ്ങൾ കുറേക്കാലം അതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ നവംബറിൽ അത്തരം വിപ്ലവമൊന്നും ഉണ്ടായില്ല. ശിവകുമാർ വല്ലാതെ നിരാശനായി. സിദ്ധരാമയ്യയാകട്ടെ ഹൈക്കമാണ്ട് എന്തു തീരുമാനിക്കുന്നോ അതനുസരിക്കുമെന്ന തന്ത്രപരമായ നിലപാടാണെടുത്തത്. പിന്നോക്കവിഭാഗ- ദളിത്- ന്യൂനപക്ഷ കൂട്ടായ്മയായ അഹിന്ദയുടെ നിർലോഭ പിന്തുണ സിദ്ധരാമയ്യയ്ക്കുണ്ട്. മുതിർന്ന മന്ത്രിമാരിൽ പലരും സിദ്ധരാമയ്യയെ പിന്താങ്ങുന്ന അഹിന്ദ നേതാക്കളാണ്. ആകെയുള്ള 140 കോൺഗ്രസ്സ് എം എൽ എമാരിൽ തൊണ്ണൂറോളം പേർ അഹിന്ദ വിഭാഗത്തിൽ പെട്ടവരും സിദ്ധരാമയ്യയോട് കൂറ് പുലർത്തുന്നവരുമാണ്. വളരെയേറെ പരിശ്രമിച്ചിട്ടും ഹൈക്കമാണ്ടിന്റെ പിന്തുണയുണ്ടായിട്ടും അമ്പതിൽ താഴെ എം എൽ എമാരെ കൂടെ നിർത്താനെ ശിവകുമാറിന് സാധിച്ചിട്ടുള്ളൂ. അക്കാര്യം ഹൈക്കമാണ്ടിനറിയാം. അതിനാൽ സമ്മർദ്ദത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ സിദ്ധരാമയ്യയെ നീക്കാൻ ഹൈക്കമാണ്ട് തയ്യാറാവില്ല. ഹൈക്കമാണ്ടിൽ നിന്ന് അത്തരം നീക്കമുണ്ടായാൽ സിദ്ധരാമയ്യയുടെ അനുയായികളാണ് പൊട്ടിത്തെറിക്കുക. ഹൈക്കമാണ്ട് തീരുമാനം അനുസരിക്കുമെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും അത്ര എളുപ്പത്തിലൊന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേര കൈവിടാനിടയില്ല. ആ സാഹചര്യത്തിലാണ് അദ്ദേഹം അഞ്ചുവർഷം തികയ്ക്കുമെന്ന് മകനും എം എൽ സിയുമായ യതീന്ദ്ര ആത്മ വിശ്വാസത്തോടെ പറയുന്നത്. പിസിസി അധ്യക്ഷപദവി കയ്യിലുണ്ടെങ്കിലും യതീന്ദ്രയ്ക്കെതിരെ അച്ചടക്ക നടപടി എടുക്കാനൊന്നും ശിവകുമാറിന് സാധിക്കില്ല. സിദ്ധരാമയ്യ യതീന്ദ്രയെ ശാസിച്ചതായി റിപ്പോർട്ടുണ്ട്. കർണാടകത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവ് ദേവരാജ് അറസ് ആണ്; ഏഴു വർഷവും 238 ദിവസവും. ഈ വരുന്ന ജനവരി ആറിന് സിദ്ധരാമയ്യ ആ റിക്കാർഡ് മറികടക്കും. പുതിയ റിക്കാർഡ് സ്ഥാപിച്ചശേഷം ചിലപ്പോൾ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് ചില കോൺഗ്രസ്സ് നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. പക്ഷെ അപ്പോഴും ശിവകുമാറിനെയല്ല, മുതിർന്ന നേതാവായ ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വരയെ പിൻഗാമി ആക്കണമെന്നാണത്രെ സിദ്ധരാമയ്യ ഹൈക്കമാണ്ടിനോട് ആവശ്യപ്പെടുക. അക്കാര്യം അദ്ദേഹം ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും കേൾക്കുന്നുണ്ട്. ദളിത് നേതാവായ പരമേശ്വര 2013ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു. പക്ഷെ ഭാഗ്യം തുണച്ചില്ല. സാമ്പത്തിക വിദഗ്ധൻ കൂടിയായ സിദ്ധരാമയ്യ തന്നെയാണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇതുവരെ അദ്ദേഹം പതിനാല് തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. പതിനഞ്ചാമത് ബജറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
Photo Courtesy - Google











