
കർണാടകം: എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല പങ്കെടുത്ത കോൺഗ്രസ്സ് നിയമസഭാകക്ഷിയോഗത്തിൽ നേതൃമാറ്റം അജണ്ട പോലും ആയിരുന്നില്ല. ആ വിഷയം ആരും ഉയർത്തിയതുമില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ സഹകരണമന്ത്രി കെ.എൻ. രാജണ്ണയും ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വരയും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സിദ്ധരാമയ്യ മാറുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശവാദമുന്നയിക്കുന്ന നേതാക്കളിൽ ഒരാളാണ് പരമേശ്വര. എട്ടുകൊല്ലം പിസിസി അധ്യക്ഷനായിരുന്ന ഇദ്ദേഹമായിരുന്നു 2013-ൽ മുഖ്യമന്ത്രി ആകേണ്ടിയിരുന്നത്. എന്നാൽ സ്വന്തം സുരക്ഷിത മണ്ഡലമായ കൊരട്ടഗെരെയിൽ അപ്രതീക്ഷിതമായി തോൽക്കാനിടയായത് ദളിത് നേതാവായ പരമേശ്വരയുടെ നിർഭാഗ്യമായി. പകരം സിദ്ധരാമയ്യയാണ് അത്തവണ മുഖ്യമന്ത്രിയായത്. പിന്നീട് പരമേശ്വരയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം ലഭിച്ചതേയില്ല. കോൺഗ്രസ്സിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട പ്രമുഖനേതാക്കളുടെ യോഗം വിളിച്ചുകൂട്ടാൻ കഴിഞ്ഞ ആഴ്ച പരമേശ്വര തീരുമാനിച്ചിരുന്നു. എന്നാൽ ഹൈക്കമാണ്ട് ഇടപെട്ട് അത് തടഞ്ഞതാണ് നിയമസഭാകക്ഷി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ പരമേശ്വരയെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. സിദ്ധരാമയ്യയോട് കൂറു പുലർത്തുന്ന പ്രമുഖ നേതാവാണ് പൊതു മരാമത്ത്മന്ത്രി സതീഷ് ജാർക്കിഹോളി. ബെളഗാവി രാഷ്ട്രീയത്തിലെ അതികായനായ ഇദ്ദേഹം കുറേക്കാലമായി അസ്വസ്ഥനാണ്. സ്ത്രീ-ശിശു ക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിലൂടെ, ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ബെളഗാവി രാഷ്ട്രീയത്തിൽ പിടിമുറുക്കുന്നതാണ് സതീഷ് ജാർക്കിഹോളിയെ അരിശം കൊള്ളിക്കുന്നത്. ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് എന്തുവിലകൊടുത്തും തടയാൻ ശപഥമെടുത്തിരിക്കുകയാണ് ഈ നേതാവ്. ബെളഗാവിയിൽ നിർമ്മിക്കുന്ന പുതിയ കോൺഗ്രസ്സ് ഓഫീസിന്റെ ചെലവുമായി ബന്ധപ്പെട്ട് ലക്ഷ്മി ഹെബ്ബാൾക്കറും സതീഷ് ജാർക്കിഹോളിയും തമ്മിൽ നിയമസഭാകക്ഷി യോഗത്തിൽ വെച്ച് വാദപ്രതിവാദം നടന്നു. സുർജെവാല ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്. കോൺഗ്രസ്സിന്റെ ബെളഗാവി ജില്ലാപ്രസിഡന്റിനെ തീരുമാനിക്കുന്ന കാര്യത്തിലും തർക്കം നിലനിൽക്കുന്നുണ്ട്. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള പ്രതീകാത്മക ഏറ്റുമുട്ടലാണ് ലക്ഷ്മി ഹെബ്ബാൾക്കർ, സതീഷ് ജാർക്കിഹോളി എന്നീ നേതാക്കളിലൂടെ നടക്കുന്നത്. എന്നാൽ ഈ വിഷയത്തെ പറ്റി പ്രതികരിക്കാൻ വടക്കൻ കർണാടകയിൽ നിന്നുള്ള നേതാവായ വ്യവസായമന്ത്രി എം.ബി.പാട്ടീലോ ആഭ്യന്തരമന്ത്രി ഡോക്ടർ പരമേശ്വരയോ കൂട്ടാക്കിയില്ല. ബെളഗാവിയിലെ കോൺഗ്രസ് ഓഫീസ് തർക്കം ചൂടുപിടിക്കുന്നതിന് ഇടയിലാണ് ലക്ഷ്മി ഹെബ്ബാൾക്കറുടെ കാർ അപകടത്തിൽ പെട്ടത്. മന്ത്രിയ്ക്കും സഹോദരനും സാരമല്ലാത്ത പരിക്കുണ്ട്. കിറ്റൂർ താലൂക്കിലെ അമ്പഡഗട്ടി ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോൾ കാർ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. കർണാടക രാഷ്ട്രീയത്തിലെ രണ്ട് പ്രബല ശക്തികളായി വളർന്നിരിക്കുകയാണ് സതീഷ് ജാർക്കിഹോളിയും ലക്ഷ്മി ഹെബ്ബാൾക്കറും. അവർ രണ്ട് ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്നു എന്നതാണ് കോൺഗ്രസിന് തലവേദനയാകുന്നത്.











