
കൊച്ചി : തമിഴ്‌നാടിന്റെ സാംസ്‌കാരികത്തനിമയും ഹൃദയബന്ധങ്ങളും കോർത്തിണക്കി സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി) പുറത്തിറക്കിയ പൊങ്കൽ ക്യാംപെയിൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ‘ഉറവുഗൾ താൻ തമിഴഗത്തിൻ വലിമൈ’ (ബന്ധങ്ങളാണ് തമിഴ്‌നാടിന്റെ ശക്തി) എന്ന പ്രമേയത്തിലുള്ള വീഡിയോ പുറത്തിറങ്ങി മൂന്നു ദിവസത്തിനുള്ളിൽ നാലു കോടിയിലധികം വ്യൂസാണ് ലഭിച്ചത്.
തമിഴ് ജനതയുടെ വൈകാരിക നിമിഷങ്ങളും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുമാണ് ക്യാംപെയിന്റെ ഇതിവൃത്തം. വിളവെടുപ്പ് ഉത്സവത്തിനായി കുടുംബങ്ങൾ ഒത്തുചേരുന്നതും തലമുറകളുടെ സംഗമവും നാട്ടിലേക്കുള്ള മടക്കവുമെല്ലാം ഹൃദയസ്പർശിയായി വീഡിയോയിൽ ആവിഷ്‌കരിച്ചിരിക്കുന്നു. വെറുമൊരു ധനകാര്യ സ്ഥാപനം എന്നതിലുപരി, 1929 മുതൽ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ബാങ്കിന്റെ വിശ്വാസ്യതയും ‘ബന്ധങ്ങളിൽ നിക്ഷേപിക്കുന്നു’ എന്ന എസ്ഐബിയുടെ മൂല്യവുമാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്.
"ദൈനംദിന ജീവിതത്തെയും സാമൂഹിക ബന്ധങ്ങളെയും പ്രതിഫലിപ്പിക്കുന്ന കഥകളാണ് ഈ ക്യാംപെയിനിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നത്. ഇതിനോടൊപ്പം തന്നെ, സംസ്ഥാനത്തുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കൾക്കായി ആകർഷകമായ ഉത്സവകാല ഓഫറുകളും വിപുലമായ ബാങ്കിങ് സേവനങ്ങളും ഞങ്ങൾ സമർപ്പിക്കുന്നു." സൗത്ത് ഇന്ത്യൻ ബാങ്ക് ചെന്നൈ മേഖല ഡിജിഎമ്മും മേധാവിയുമായ ഈശ്വരൻ എസ് പറഞ്ഞു.
"ഓരോ നാടിന്റെയും പ്രാദേശിക സംസ്കാരങ്ങളെയും വികാരങ്ങളെയും ആഴത്തിൽ മനസ്സിലാക്കാനും അവയുടെ ഭാഗമാകാനും സൗത്ത് ഇന്ത്യൻ ബാങ്ക് എപ്പോഴും ശ്രമിക്കാറുണ്ട്. ഈ പൊങ്കൽ വീഡിയോ ക്യാംപെയിനിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത് പ്രാദേശിക ഉത്സവങ്ങളെ ആഘോഷിക്കുക മാത്രമല്ല, ഞങ്ങൾ സേവനം നൽകുന്ന സമൂഹങ്ങളുമായുള്ള ഹൃദയബന്ധം ഊട്ടിയുറപ്പിക്കുക കൂടിയാണ്. 'ബന്ധങ്ങളിൽ നിക്ഷേപിക്കുന്നു' എന്ന ഞങ്ങളുടെ ബാങ്കിന്റെ അടിസ്ഥാന മൂല്യമാണ് ഈ വീഡിയോയിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുന്നത്." ക്യാംപെയിനെക്കുറിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് മേധാവി രമേശ് കെ പി പറഞ്ഞു.
ഹ്യൂമൻ സ്റ്റോറീസ് ആശയാവിഷ്കാരം നിർവഹിച്ച്, ഫസ്റ്റ് പിക്ചർ ഷോ കമ്പനി നിർമ്മിച്ച ഈ ചിത്രം ജനഹൃദയങ്ങളെ സ്പർശിക്കുന്ന പ്രമേയം കൊണ്ടും അവതരണ മികവുകൊണ്ടും വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ റെക്കോർഡ് മുന്നേറ്റം തുടരുന്നു. വീഡിയോ ലിങ്ക്: https://www.youtube.com/watch?v=_aelKdswOrE







