
ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ച മെക്കാനിക്കിന്റെ മുഖത്തടിച്ച എസ്ഐക്ക് സസ്പെൻഷൻ. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. പാലമേട് എസ് ഐ അണ്ണാദുരൈയെയാണ് സസ്പെൻഡ് ചെയ്തത്. മധുര വടിപ്പട്ടിയിൽ വർക് ഷോപ്പ് നടത്തുന്ന ദിണ്ഡിഗൽ സ്വദേശിയായ ശ്രീനിവാസിന്റെ പരാതിയിലാണ് നടപടി. അണ്ണാദുരൈയാണ് അതിക്രമം നടത്തിയ ദൃശ്യങ്ങഴും പുറത്തുവന്നതോടെയാണ് എസ് ഐയെ സസ്പെൻഡ് ചെയ്തത്.
ശ്രീനിവാസിന്റെ വർക് ഷോപ്പിൽ പാലമേട് എസ് ഐ അണ്ണാദുരൈ സ്ഥിരമായി ബൈക്ക് നന്നാക്കാൻ എത്തിയിരുന്നു. പലപ്പോഴായി 8000ത്തിലധികം രൂപയുടെ സ്പെയർ പാർട്സ് വാങ്ങി ബൈക്ക് നന്നാക്കി കൊടുത്തു. എന്നാൽ ഒരിക്കൽ പോലും എസ് ഐ പണം നൽകാൻ തയ്യാറായില്ല. കഴിഞ്ഞ ആഴ്ച ബൈക്കുമായി വീണ്ടുമെത്തിയപ്പോൾ 10,000 രൂപയ്ക്കടുത്ത് ചിലവുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞു. പണം തന്നാലേ ബൈക്ക് നന്നാക്കൂ എന്ന് ശ്രീനിവാസൻ എസ്ഐയോട് പറയുകയും ചെയ്തു. എന്നാൽ ബൈക്ക് നന്നാക്കി വെച്ചിരിക്കണമെന്നും ഇല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി എസ് ഐ മടങ്ങി.
ഞായറാഴ്ച തിരിച്ചെത്തിയപ്പോൾ ബൈക്ക് പഴയത് പോലെ തന്നെ ഇരിക്കുന്നത് കണ്ടതോടെ എസ് ഐ പ്രകോപിതനാകുകയായിരുന്നു. എസ് ഐയെ അനുസരിച്ചില്ലെങ്കിൽ വിവരമറിയുമെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഭീഷണിപ്പെടുത്തി. ജില്ലാ കളക്ടർക്ക് പരാതി നൽകിയ ശ്രീനിവാസൻ മാധ്യമങ്ങളിലൂടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടതോടെ എസ് പി ഉണർന്നു. അണ്ണാദുരൈയെ സസ്പെൻഡ് ചെയ്ത് ഉത്തവുമിറങ്ങി.











