
വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തി പൊലീസ് ഇൻസ്പെക്ടർക്ക് ജീവപര്യന്തം തടവുശിക്ഷ. മുംബൈയിൽ 2016-ൽ അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടർ അശ്വിനി ബിദ്രെ ഗോറിനെ കൊലപ്പെടുത്തിയ കേസിലാണ് പൻവേൽ സെഷൻസ് കോടതി വിധി പറഞ്ഞത്. പൊലീസ് ഇൻസ്‌പെക്ടർ അഭയ് കുറുന്ദ്കറിനെ (52)യാണ് കോടതി ശിക്ഷിച്ചത്. ഇയാൾ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. മൃതദേഹം നശിപ്പിക്കാൻ കുരുന്ദ്കറിനെ സഹായിച്ച സഹായി ഡ്രൈവർ കുന്ദൻ ഭണ്ഡാരിയെയും സുഹൃത്ത് മഹേഷ് ഫാൽനിക്കറും ഏഴു വർഷം വീതം തടവ് ശിക്ഷ ലഭിച്ചു.
2016 ജൂലൈയിൽ ബിദ്രെ ഗോറിന്റെ സഹോദരൻ അവരെ കാണാതായതായി പരാതി നൽകിയെങ്കിലും 2017 ജനുവരിയിൽ മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഡിസംബറിൽ കുരുന്ദ്കറെ അറസ്റ്റ് ചെയ്തു. ബിദ്രെ ഗോറുമായി ഇൻസ്പെക്ടർക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു. യുവതിയെ ഒഴിവാക്കാനാണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്.
മൂന്ന് പേരുടെ സഹായത്തോടെ ഭയന്ദറിലെ വീട്ടിൽ വെച്ച് കുരുന്ദ്കർ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി, ഭാഗങ്ങൾ റഫ്രിജറേറ്ററിൽ സൂക്ഷിച്ച് ഭയന്ദർ അരുവിയിൽ എറിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ വാദം. യുവതിയുടെ മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. കുരുന്ദ്കറുടെ ശിക്ഷയ്‌ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ വിശാൽ ഭാനുഷാലി പറഞ്ഞു.











