
കരുനാഗപ്പള്ളി: വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ യുവതികളടക്കമുള്ള നാലംഗ സംഘത്തിന്റെ ആക്രമണം. ഡിവൈഎസ്പി സ്ക്വാഡിലെ ഉദ്യോഗസ്ഥർക്കാണ് ആക്രമണം നേരിടേണ്ടിവന്നത്. സംഭവത്തിൽ എസ്ഐ ജിനുവിന് സാരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജെറിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വധശ്രമക്കേസിലെ പ്രതിയായ ജെറിൻ കരുനാഗപ്പള്ളിയിലുണ്ടെന്ന വിവരത്തെ തുടർന്നാണ് ഡിവൈഎസ്പി സ്ക്വാഡിലെ പോലീസ് സംഘം ഇയാളെ പിടികൂടാനായി സ്ഥലത്തെത്തിയത്. വീട്ടിൽ ജെറിനൊപ്പം മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ തങ്ങൾ പോലീസാണെന്ന് വ്യക്തമാക്കിയിട്ടും സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പോലീസുകാരെ ചുടുകട്ട ഉപയോഗിച്ച് തലയ്ക്കടിച്ചതായും എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ത്രീകൾ ചേർന്ന് മർദിക്കുകയും കടിക്കുകയും ചെയ്തതായും പോലീസ് പറയുന്നു. ആക്രമണത്തിൽ എസ്ഐ ജിനുവിന് ഗുരുതരമായി പരിക്കേറ്റു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയ ശേഷമാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. കൃത്യനിർവഹണം തടസപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.











