04:12am 07 November 2026
NEWS
ശുഭാംശു ശുക്ല ബഹിരാകാശത്ത്: ചരിത്രമെഴുതി ഇന്ത്യയുടെ അഭിമാനം
26/06/2025  10:17 AM IST
സുരേഷ് വണ്ടന്നൂർ
ശുഭാംശു ശുക്ല ബഹിരാകാശത്ത്: ചരിത്രമെഴുതി ഇന്ത്യയുടെ അഭിമാനം

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ നിറം പകർന്ന് ശുഭാംശു ശുക്ലയുടെ ആക്സിയം 4 ബഹിരാകാശ യാത്രയ്ക്ക് വിജയകരമായ തുടക്കം. ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിക്ക് കരുത്ത് പകരുന്ന ഈ ദൗത്യത്തിൽ, സ്പേസ് സ്റ്റേഷനിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്രനേട്ടം ശുഭാംശു സ്വന്തമാക്കും.
ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01ന് അമേരിക്കയിലെ ഫ്ലോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് നാലംഗ സംഘത്തെയും വഹിച്ചുകൊണ്ടുള്ള ക്രൂ ഡ്രാഗൺ പേടകവുമായി കുതിച്ചുയർന്നു. ശുഭാംശു ശുക്ലയെ കൂടാതെ നാസ മുൻ ബഹിരാകാശ യാത്രികയും ആക്സിയം സ്പേസിലെ ഹ്യൂമൻ സ്പേസ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള സ്വവോസ് ഉസ്നാൻ സ്കിവിസ്നെവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് സംഘത്തിലെ മറ്റ് യാത്രികർ.
ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4.30ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) പേടകം എത്തിച്ചേരും. അതുവരെ പേടകത്തിന്റെ നിയന്ത്രണം ശുഭാംശുവിനായിരിക്കും. തുടർന്ന് സ്പേസ് സ്റ്റേഷനിലെ ഹാർമണി ഡോക്കിൽ പേടകത്തിന്റെ കവാടം ഘടിപ്പിച്ച് സംഘം നിലയത്തിൽ പ്രവേശിക്കും.
41 വർഷങ്ങൾക്ക് ശേഷം ബഹിരാകാശ യാത്ര ചെയ്യുന്ന ഇന്ത്യക്കാരനാണ് ശുഭാംശു. 1984-ൽ രാകേഷ് ശർമ്മയായിരുന്നു ഇതിന് മുൻപ് ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ പൗരൻ. മേയ് 29ന് നിശ്ചയിച്ചിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാൽ ഏഴുതവണ മാറ്റിവെച്ച ശേഷമാണ് ഇപ്പോൾ വിജയകരമായി വിക്ഷേപിച്ചത്.
ബഹിരാകാശത്ത് ഇന്ത്യയുടെ ശബ്ദം:
പേടകം ബഹിരാകാശത്തെത്തിയതിന് പിന്നാലെ ശുഭാംശു ശുക്ല ഇന്ത്യക്കാർക്കായി ഹിന്ദിയിൽ 'ജയ് ഹിന്ദ്' അഭിവാദ്യമർപ്പിച്ചു. "എന്റെ രാജ്യത്തെ പ്രിയപ്പെട്ട ജനങ്ങളെ, 41 വർഷത്തിനുശേഷം നമ്മൾ ബഹിരാകാശത്തെത്തി. സെക്കൻഡിൽ ഏഴര കിലോമീറ്റർ വേഗതയിൽ ഭൂമിയെ ചുറ്റുകയാണ് ഞങ്ങൾ. നിങ്ങൾ എല്ലാവർക്കുമൊപ്പമാണ് ഞാനെന്ന് ചുമലിൽ പതിച്ച ത്രിവർണ പതാക എന്നോടു പറയുന്നു. ഇത് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ്. ഈ യാത്രയിൽ നിങ്ങളെല്ലാവരും ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹം. അഭിമാനം കൊണ്ട് നിങ്ങളുടെ നെഞ്ച് നിറയണം. നമുക്ക് ഒത്തൊരുമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് തുടക്കമിടാം. നന്ദി. ജയ് ഹിന്ദ്, ജയ് ഭാരത്," ശുഭാംശു പറഞ്ഞു.
പ്രധാനമന്ത്രിയുടെ അഭിനന്ദനം:
"ഇന്ത്യൻ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്ടൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാനുള്ള യാത്രയിലാണ്. 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അഭിലാഷങ്ങളുമാണ് അദ്ദേഹം വഹിക്കുന്നത്" - പ്രധാനമന്ത്രി നരേന്ദ്രമോദി ശുഭാംശുവിനെ അഭിനന്ദിച്ച് പറഞ്ഞു.
14 ദിവസത്തെ പരീക്ഷണങ്ങൾ:
14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തിൽ വിവിധ പരീക്ഷണങ്ങൾ നടത്തും. ഈ യാത്രയ്ക്കായി ഇന്ത്യ 550 കോടി രൂപയാണ് ചെലവഴിക്കുന്നത്.
മാമ്പഴ ജ്യൂസും ഹൽവയുമായി ശുഭാംശു:
ബഹിരാകാശ നിലയത്തിലെ അന്തേവാസികൾക്ക് പങ്കുവെയ്ക്കാനായി മാംഗോ ജ്യൂസ്, മൂങ് ദാൽ ഹൽവ, കാരറ്റ് ഹൽവ എന്നിവ ശുഭാംശു ഒപ്പം കൊണ്ടുപോയിട്ടുണ്ട്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെയും പാചകപാരമ്പര്യത്തെയും പ്രതിനിധീകരിക്കാനാണ് ഇന്ത്യൻ ഭക്ഷണം കൊണ്ടുപോകുന്നത്. ബഹിരാകാശ സാഹചര്യത്തിന് അനുയോജ്യമായ രീതിയിലാണ് ഇവ പായ്ക്ക് ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img