
പ്രയാഗ്രാജ്: നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൈമുതലാക്കി സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രുതി ശ്രീവാസ്തവയുടെ ജീവിതയാത്ര ശ്രദ്ധേയമാകുന്നു. 24-ാം വയസിൽ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ 82-ാം റാങ്ക് സ്വന്തമാക്കിയ ശ്രുതി നിലവിൽ പ്രയാഗ്രാജിൽ അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ്. 2020 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായ അവർ ഉത്തർപ്രദേശ് കേഡറിലാണ് പ്രവർത്തിക്കുന്നത്.
2019ൽ നടന്ന സിവിൽ സർവീസ് പരീക്ഷയിലാണ് ശ്രുതി 82-ാം റാങ്ക് നേടിയത്. പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കാതെ സ്വയം പഠിച്ചാണ് ഈ നേട്ടം കൈവരിച്ചത്. തുടക്കത്തിൽ അധ്യാപികയാകാനായിരുന്നു ആഗ്രഹമെങ്കിലും പിന്നീട് സിവിൽ സർവീസിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. കഠിനാധ്വാനവും കൃത്യമായ പഠനവും ലക്ഷ്യബോധവുമാണ് വിജയത്തിലേക്കുള്ള വഴിയിൽ ശ്രുതിക്ക് കരുത്തായത്.
1995ൽ ഡൽഹിയിൽ ജനിച്ച ശ്രുതി ഹിന്ദു കോളേജിലും ജവഹർലാൽ നെഹ്റു സർവകലാശാലയിലുമാണ് പഠനം പൂർത്തിയാക്കിയത്. ഇംഗ്ലീഷ് ബിരുദധാരിയാണ്. സഞ്ജയ് ശ്രീവാസ്തവയാണ് പിതാവ്.
ഹൈദരാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനം നടത്തിയ കാലത്തും ശ്രുതി മികവ് തെളിയിച്ചിരുന്നു. ഉത്തർപ്രദേശ് കേഡറിലെ 73-ാമത് റെഗുലർ റിക്രൂട്ട് ബാച്ചിന്റെ ഭാഗമായി യോഗയിലെ മികവിന് 'ഗാന്ധി ജ്ഞാൻ മന്ദിർ യോഗ സെന്റർ ട്രോഫി'യും അവർ സ്വന്തമാക്കി.
ഔദ്യോഗിക ജീവിതത്തിലെ നേട്ടങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിലും ശ്രുതി ശ്രദ്ധ നേടിയിട്ടുണ്ട്. 2025ലെ മഹാകുംഭമേളയുമായി ബന്ധപ്പെട്ട് വാരാണസി സന്ദർശിച്ച ബോളിവുഡ് നടി രവീണ ടണ്ടനുമായി ശ്രുതി നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സ്വപ്നങ്ങൾ പിന്തുടരാൻ ഉറച്ച തീരുമാനവും സ്വയം പരിശ്രമിക്കാനുള്ള മനസുമുണ്ടെങ്കിൽ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാമെന്നതിന്റെ ഉദാഹരണമാണ് ശ്രുതി ശ്രീവാസ്തവയുടെ യാത്ര.










