09:08pm 11 November 2026
NEWS
ശ്രേഷ്ഠ ബാവായുടെ ജന്മദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു
10/11/2025  11:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശ്രേഷ്ഠ ബാവായുടെ ജന്മദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു

പുത്തൻകുരിശ് : യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ 65-ാം ജന്മദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. തൻ്റെ മുൻഗാമിയായ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ അന്ത്യവിശ്രമം കൊള്ളുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.

അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മാത്യൂസ് മോർ ഈവാനിയോസ്, കുര്യാക്കോസ് മോർ ക്ലീമിസ്, യാക്കോബ് മോർ അന്തോണിയോസ്, സഖറിയാസ് മോർ പീലക്സിനോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, മാത്യൂസ് മോർ തീമോത്തിയോസ്, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ അത്മായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വർക്കിംഗ് - മാനേജിംഗ് കമ്മറ്റിയംഗങ്ങൾ, വൈദികർ, വിശ്വാസികൾ എന്നിവർ വി. കുർബ്ബാനയിൽ സംബന്ധിച്ചു.

തുടർന്ന് ലളിതമായ ചടങ്ങുകളോടെ കേക്ക് മുറിച്ച് ജന്മദിനാഘോഷം നടന്നു. സഭാ ഭാരവാഹികൾ ചേർന്ന് ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹോപഹാരം സമർപ്പിച്ചു. ശ്രേഷ്ഠ ബാവായുടെ നേതൃത്വത്തിലുള്ള സുരക്ഷിത ഭവന പദ്ധതി പ്രകാരം വിവിധയിടങ്ങളിലായി നിർമിച്ച മൂന്നു ഭവനങ്ങളുടെ കൂദാശയും താക്കോൽ ദാനവും ശ്രേഷ്ഠ ബാവ നിർവഹിച്ചു. എരൂർ ജെയ്നി സെൻ്റർ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു.

വൈകിട്ട് ലഹരിയുടെ വിപത്തിൽ നിന്ന് സമൂഹത്തിന് മോചനം നൽകുക എന്ന ലക്ഷ്യത്തോടെ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തിൽ ആരക്കുന്നം വട്ടപ്പാറയിൽ സ്ഥാപിതമായ 'ഹോപ്പ്' ലഹരി വിമോചന കേന്ദ്രം ശ്രേഷ്ഠ ബാവായുടെ മുഖ്യ കാർമികത്വത്തിൽ കൂദാശ നടത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img