11:04am 12 November 2026
NEWS
ശ്രീനിവാസൻ ഒരു അപൂർവ്വ സിനിമാ പുസ്തകം.
20/12/2025  11:48 AM IST
വിഷ്ണുമംഗലം കുമാർ
ശ്രീനിവാസൻ ഒരു അപൂർവ്വ സിനിമാ പുസ്തകം

 ശ്രീനിവാസന്റെ വിയോഗം വേദനിപ്പിക്കുന്നതാണ്. ഏറെനാളുകളായി അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു. ശ്രീനിവാസനെ പോലെ പ്രതിഭാശാലിയായ മറ്റൊരു വ്യക്തിത്വം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്ന് തോന്നുന്നുമില്ല. ആദ്യചിത്രമായ വടക്കുനോക്കി യന്ത്രവുമായി ബന്ധപ്പെട്ടാണ് അദ്ദേഹവുമായി അടുപ്പമുണ്ടാകുന്നത്. എം എസ് സത്യു ചെയർമാനായ അവാർഡ് കമ്മിറ്റി വടക്കുനോക്കി യന്ത്രം മികച്ച ചിത്രമായി തിരഞ്ഞെടുത്തത് വിവാദമായിരുന്നു. ബുദ്ധിജീവി സിനിമക്കാരാണ് പ്രശ്നമുണ്ടാക്കിയത്. സത്യു താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഹോട്ടലിന് നേരെ കല്ലേറ് വരെ നടന്നിരുന്നു. വടക്കുനോക്കി യന്ത്രം നിലവാരം കുറഞ്ഞ ചിത്രമാണെന്നും സത്യുവിന് സിനിമയെ കുറിച്ച് അറിയില്ലെന്നുമായിരുന്നു ബുദ്ധിജീവിസിനിമാക്കാരുടെ ആരോപണം. 1989 ൽ ആയിരുന്നു അത്.( ആ സിനിമ കാലത്തെ അതിജീവിച്ചു എന്നത് പിന്നീട് തെളിയിക്കപ്പെട്ട യാഥാർഥ്യം)സത്യു ബംഗളുരുവിലാണ് താമസിച്ചിരുന്നത്. ഞാൻ അദ്ദേഹത്തിന്റെ വിശദമായ ഇന്റർവ്യൂ എടുത്തു.  എന്തുകൊണ്ട് വടക്കുനോക്കി യന്ത്രം എന്ന തലക്കെട്ടിൽ നാന സിനിമാ വാരിക അത് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. വടക്കുനോക്കി യന്ത്രത്തിന്റെ സവിശേഷതകളെന്തെന്ന് വിശദമായി പ്രതിപാദിച്ച ആ റിപ്പോർട്ട് സിനിമാലോകത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയം പുതിയൊരു ട്രെൻഡ് തന്നെ സൃഷ്ടിച്ചു. ആർട്ട് സിനിമ, മധ്യവർത്തി സിനിമ, കച്ചവടസിനിമ എന്ന തരം തിരിക്കൽ ഇല്ലാതായി. അവാർഡ് നിർണ്ണയത്തിൽ നല്ല സിനിമ, മോശം സിനിമ എന്നതുമാത്രം പരിഗണിക്കപ്പെട്ടു. ഇപ്പോഴും അത് അങ്ങനെ തുടരുന്നു. ആ കാലയളവിലാണ് ശ്രീനിവാസനെ പരിചയപ്പെടുന്നത്. പിന്നീട് പലതവണ കണ്ടു. നാനയ്ക്ക് വേണ്ടി അഭിമുഖങ്ങളെടുത്തു. ഉദയനാണ് താരം റിലീസ് ആയശേഷം ശ്രീനിവാസൻ എന്റെ ക്ഷണം സ്വീകരിച്ച് ഒരാഴ്ചക്കാലം ബംഗളുരുവിൽ വന്ന് താമസിച്ചിട്ടുണ്ട്. രസകരമായിരുന്നു ആ ദിവസങ്ങൾ. അദ്ദേഹം ചക്ക പാചകം ചെയ്തതും ചക്കവെള്ളം രുചിയോടെ ക്യടിച്ചതുമെല്ലാം ഞാൻ മഹിളാരത്നത്തിൽ എഴുതിയിരുന്നു. ഈ ലേഖകൻ ഭാരവാഹിയായ ദീപ്തി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ ശ്രീനിവാസൻ അതിഥിയായി പങ്കെടുത്തിട്ടുണ്ട്. അദ്ദേഹവും മകൻ വിനീതും ആദ്യമായി വേദി പങ്കിട്ടത് ദീപ്തിയുടെ വേദിയിലാണ്. അന്ന് അദ്ദേഹം നടത്തിയ പ്രസംഗം ഒരിക്കലും വിസ്മരിക്കാനാവില്ല. ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ശേഷം ഒരു സിനിമ കൂടി സംവിധാനം ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷെ നടന്നില്ല. കാലത്തെ മറികടക്കുന്ന സിനിമകളാണ് ശ്രീനിവാസൻ എഴുതിയത്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടിൽ എത്രയെത്ര വ്യത്യസ്ത സിനിമകളാണ് ഉണ്ടായത്. സന്ദേശത്തിലെ ചില രംഗങ്ങൾ ഇപ്പോഴും പ്രസക്തമാണല്ലോ. ട്രോളുകളായും മറ്റും സോഷ്യൽ മീഡിയയിൽ പതിനായിരങ്ങളാണ് അവ ഷെയർ ചെയ്യുന്നത്. അകാലത്തിലാണ് ശ്രീനിവാസൻ വിടപറഞ്ഞത്. ആദരാഞ്ജലികൾ...

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img