
വർഷങ്ങളായി കർണാടകത്തിലെ ബിജെപിയ്ക്ക് തലവേദന സൃഷ്ടിക്കുന്ന വിമത നേതാവ് ബസനഗൗഡ പാട്ടീൽ യത് നാളിന് ദേശീയ നേതൃത്വം വീണ്ടും ഷോക്കോസ് നോട്ടീസ് അയച്ചു. മൂന്നുമാസത്തിനിടയിൽ അദ്ദേഹത്തിന് നൽകുന്ന രണ്ടാമത്തെ നോട്ടീസാണിത്. മൂന്നു ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ അച്ചടക്ക സമിതി തുടർനടപടികളുമായി മുന്നോട്ടു പോകുമെന്ന് കടുത്ത ഭാഷയിലുള്ള നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ നേതാക്കളെ കാണാനുള്ള അനുമതി കാത്ത് ഡൽഹിയിൽ കെട്ടിക്കിടക്കവേയാണ് ഇത്തവണത്തെ ഷോക്കോസ് നോട്ടീസ് യത് നാളിനെ തേടിയെത്തിയത്. മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ യഡിയൂരപ്പയോട് വ്യക്തിവിരോധം വെച്ചുപുലർത്തുന്ന നേതാവാണ് വാജ്പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന യത് നാൽ. യഡിയൂരപ്പയെ പോലെ ഇദ്ദേഹവും ലിങ്കായത്ത് സമുദായക്കാരനാണ്. ഇടയ്ക്കിടെ പൊട്ടിത്തെറിക്കുകയും വായിൽ തോന്നിയത് വിളിച്ചുപറയുകയും ചെയ്യുന്ന യത് നാൽ ബീജാപ്പൂർ സിറ്റി മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ്. വടക്കൻ കർണാടകത്തിലെ ചില പ്രദേശങ്ങളിൽ ഒതുങ്ങുന്ന സ്വാധീനമേ ഇദ്ദേഹത്തിന് പാർട്ടിയിലുള്ളൂ. കടുത്ത ഹിന്ദുത്വവാദിയായ യത് നാളിന് മറ്റു സമുദായക്കാരെ കൂടെ കൊണ്ടുപോകാനുള്ള രാഷ്ട്രീയചാതുര്യമില്ല. എന്നാൽ പാർട്ടി സംസ്ഥാന അധ്യക്ഷ പദവിയോ പ്രതിപക്ഷ നേതൃസ്ഥാനമോ വേണമെന്നതാണ് യത് നാളിന്റെ അടിയന്തര ആവശ്യം മുഖ്യമന്ത്രി യാകുക എന്ന മോഹവും ഉള്ളിലുണ്ട്. യഡിയൂരപ്പയുടെ മകൻ വിജയേന്ദ്ര സംസ്ഥാന അധ്യക്ഷനായതു മുതൽ യത് നാൽ അദ്ദേഹത്തിനും യഡിയൂരപ്പയ്ക്കും എതിരെ പരസ്യമായി പടനയിച്ചുവരികയാണ്. ആറുമാസം നീണ്ട ആലോചനകൾക്ക് ശേഷമാണ് രാഷ്ട്രീയ സാഹചര്യവും ജാതി സമവാക്യവുമൊക്കെ പരിഗണിച്ച് ദേശീയ നേതൃത്വം 2023 നവംബറിൽ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷനായി അവരോധിച്ചത്. വിജയേന്ദ്രയെ അധ്യക്ഷപദവിയിൽ തുടരാൻ അനുവദിച്ചേക്കുമെന്ന സൂചന ലഭിച്ചതിനാലാണ് യത് നാൽ വിമർശനം കടുപ്പിച്ചത്. കഴിഞ്ഞ മാസം ഇഷ്യൂ ചെയ്ത നോട്ടീസിന് നൽകിയ മറുപടിയിൽ പാർട്ടി അച്ചടക്കം പാലിച്ച് പ്രവർത്തിക്കുമെന്നും മേലിൽ തെറ്റായ പ്രസ്താവനകൾ നടത്തില്ലെന്നും ഉറപ്പ് നൽകിയിരുന്നു. അതൊക്കെ ലംഘിച്ചാണ് വിമത പ്രവർത്തനം തുടരുന്നത്. അക്കാര്യങ്ങൾ പുതിയ ഷോക്കോസ് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാർട്ടി പിളർത്തി മുന്നോട്ടുപോകാനുള്ള കരുത്ത് ഈ നേതാവിനില്ല. വായാടിയായ യത് നാളിനെ കോൺഗ്രസ്സിനെപോലുള്ള പാർട്ടികൾ സ്വീകരിക്കുകയുമില്ല. വിവാദ പുരുഷനായ യത് നാൽ ബിജെപിയിൽ നിന്ന് പുറത്താകുമോ അതല്ല അനുസരണ പ്രകടിപ്പിച്ച് പാർട്ടിയിൽ തുടരുമോ എന്ന കാര്യം വൈകാതെ അറിയാം.
Photo Courtesy - Google











