05:55am 12 April 2026
NEWS
ശനിദശയെ ഭയക്കേണ്ടതുണ്ടോ?
11/06/2025  07:51 PM IST
nila
ശനിദശയെ ഭയക്കേണ്ടതുണ്ടോ?

ജ്യോതിഷത്തിൽ വിശ്വസിക്കുന്നവരും അല്ലാത്തവരുമായ എല്ലാവരും ഭയക്കുന്ന ഒന്നാണ് ശനിദശ. ശനിയുടെ അപഹാരമുണ്ടായാൽ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ വരുമെന്നാണ് പൊതുവെയുള്ള വിശ്വാസം. മരണകാരകനാണ് ശനിയെന്ന വിശ്വാസത്താലാണ് എല്ലാവരും ശനിദശയെ ഭയക്കുന്നത്. എന്നാൽ, മകരം, കുംഭം, തുലാം, കർക്കടകം എന്നീ രാശിയിൽ നിൽക്കുന്ന ശനി താരതമ്യേന ദോഷം പ്രദാനം ചെയ്യാറില്ല എന്നാണ് ജ്യോതിഷം പറയുന്നത്. 

മകരം, കുംഭം, തുലാം, കർക്കടകം എന്നീ രാശിയിൽ നിൽക്കുന്ന ശനി ശുഭഫലങ്ങൾ നൽകും. ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കുകയും ചെയ്യും. എന്നാൽ ദുസ്ഥനും, നീചസ്ഥിതി നവാംശകങ്ങളോടു കൂടിയവനും പാപയുക്തനുമായ ശനിയുടെ ദശയിൽ ദോഷങ്ങൾ ഉണ്ടാകുക തന്നെ ചെയ്യുമെന്നും ജ്യോതിഷം വ്യക്തമാക്കുന്നു. ശുഭദൃഷ്ടിയും ശുഭഗ്രഹമദ്ധ്യസ്ഥിതിയും ഉണ്ടെങ്കിൽ തദ്ദോഷങ്ങൾക്ക് ശക്തി കുറയും. ശനിദശയിലെ അപഹാരങ്ങളിലൂടെ കടന്നു പോകുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് മനുഷ്യജീവിതത്തിൽ ഉണ്ടാകുന്നതെന്ന് നോക്കാം.

ശനിയുടെ അപഹാരകാലത്ത് രാജകോപവും, വിഷം, ആയുധം, രോഗം, അതിസാരം ഇവ കൊണ്ട് ഉപദ്രവങ്ങളുണ്ടാകാം. മദ്ധ്യകാലത്ത് കള്ളന്മാരിൽ നിന്നും സ്വന്തം ദേശത്തിൽ നിന്നും അപമാനവും മനോദുഃഖങ്ങളും സംഭവിക്കും. അപഹാരത്തിന്റെ അവസാനകാലത്ത് ഭൂമിലാഭം, ഗ്രാമലാഭം എന്നിവയും ഉണ്ടാകും. 2, 7 എന്നീ ഭാവാധിപത്യമുള്ള ശനിയാണെങ്കിൽ അപമൃത്യു സംഭവിക്കാനിടയുണ്ട്. പരിഹാരമായി മൃത്യുഞ്ജയ ജപം അനുഷ്ഠിക്കണമെന്നും ജ്യോതിഷികൾ പറയുന്നു.

ശനിദശയിൽ ബലവാനായ ബുധന്റെ അപഹാരത്തിൽ വിദ്യ, കീർത്തി, ധനം എന്നിവയുടെ ലാഭവും, വാഹനഗുണവും, പുണ്യക്ഷേത്ര ദർശന സുഖവും, ധനലാഭം, ശരീരസുഖവും, ഇഷ്ടവാർത്താ ശ്രവണവും ഉണ്ടാകും. വിബലത ഉണ്ടെങ്കിൽ ദോഷഫലവും അനുഭവിക്കും.

കേതു അപഹാരത്തിൽ സ്ഥാനഭ്രംശവും ഭയവും, ദാരിദ്ര്യവും, ബന്ധനവും, ഭാര്യാപുത്ര വിനാശവും, അന്യദേശ ഗമനവും സംഭവിക്കും.

ശുക്രാപഹാരത്തിൽ ഭാര്യാപുത്രന്മാർ, ധനം, ആരോഗ്യം എന്നിവയ്ക്ക് പുഷ്ടിയും ഇഷ്ട വസ്ത്രലാഭം, വാഹനലാഭം, പ്രമോഷൻ ലഭിക്കുക തുടങ്ങിയവയും ഇഷ്ടവാർത്താശ്രവണവും ഉണ്ടാകും.

സൂര്യാപഹാരത്തിൽ സൂര്യൻ ദുഃസ്ഥനനെങ്കിൽ ഹൃദയരോഗം, മാനഹാനി, മനോദുഃഖം, ഉഷ്ണജ്വരം, ഇഷ്ടജനവിയോഗം എന്നിവയും സുസ്ഥനും ബലവാനുമാണെങ്കിൽ ആരോഗ്യപുഷ്ടിയും സ്ഥാനമാന ലബ്ധിയും, രാജാവിങ്കൽ നിന്ന് സമ്മാനവും ലഭിക്കുന്നതാണെന്നും ജ്യോതിഷികൾ പറഞ്ഞുവെക്കുന്നു.

ചന്ദ്രാപഹാരത്തിൽ ചന്ദ്രൻ ദുർബലനാണെങ്കിൽ അപഹാരം വളരെ കഷ്ടതരവും ധനനാശവും, പ്രയത്നത്തിന് ഫലമില്ലായ്മയും അമ്മയ്ക്ക് രോഗവും, വിവിധ തരം രോഗങ്ങളും ഉണ്ടാവുകയും ബലവാനായാൽ ശുഭഫലങ്ങൾ ഏറിയും ഇരിക്കും.

ശുഭസ്ഥാനസ്ഥിതനും ബലവാനുമായ ചൊവ്വയുടെ അപഹാരകാലത്ത് രാജപ്രീതിയും വിശിഷ്ട വാഹന ലാഭവും, കൃഷിഭൂമി, പശുക്കൾ ഇവയിൽ നിന്ന് ധനാഗമനങ്ങളും പുതിയ ഗൃഹവും ഉണ്ടാകും.

ദുസ്ഥനും പാപദൃഷ്ടിയും ഉള്ള ചൊവ്വയാണെങ്കിൽ ദുർവ്യയവും, രാജകോപവും, അപമൃത്യുവും, വാഹന അപകടങ്ങളും പലവിധ കഷ്ടപ്പാടുകളും അനുഭവിക്കും.

രാഹുവിന്റെ അപഹാരകാലത്ത് കലഹം, മനോദുഃഖം, രോഗം, പുത്രവിരോധം, ധനനാശം, പരദേശഗമനം എന്നിവയും കുടുംബനാശവും അനുഭവിക്കും. ദുഷ്ടൻമാരോട് ചേർന്ന് നിന്നാൽ ദുസ്ഥിതിയും ശുഭന്മാരോട് ചേർന്നാൽ ശുഭഫലങ്ങളും രാഹു തരുന്നതാണ്.

വ്യാഴത്തിന്റെ അപഹാരകാലത്ത് എല്ലാവിധ കാര്യങ്ങളും സാധിക്കുകയും ശുഭാനുഭവങ്ങളും ദേവാനുഗ്രഹങ്ങളും ബഹുമതിയും ഉയർച്ചയും ഉന്നതിയും ഉണ്ടാവുകയും സ്ഥാനമാനലബ്ധിയും ആജ്ഞാശക്തിയും ലഭിക്കുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.