09:47am 02 December 2025
NEWS
സർക്കാരാശുപത്രിയെ ആശ്രയിക്കുന്നവരോട് കരുണ കാണിക്കണം
01/11/2025  09:45 PM IST
സർക്കാരാശുപത്രിയെ ആശ്രയിക്കുന്നവരോട് കരുണ കാണിക്കണം

മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ലെന്ന കാരണത്താൽ കേരളത്തിലെ മെഡിക്കൽ കോളേജ് ആശുപത്രികളിലും ജനറൽ ആശുപത്രികളിലും ശസ്ത്രക്രിയകൾ മുടങ്ങുന്നതും, അനന്തമായി നീട്ടിവയ്‌ക്കേണ്ടി വരുന്നതുമായ അനുഭവം, സ്വകാര്യ ആശുപത്രികളിൽ പോയി ഭീമമായ തുക കൊടുത്തു ചികിത്സ നടത്താൻ സാമ്പത്തികശേഷിയില്ലാത്ത നിർധനരായ ആളുകളെ വല്ലാത്ത ഒരു പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. പല ആശുപത്രികളിലും അടിയന്തിരശസ്ത്രക്രിയ ആവശ്യമായവരോട് ഡോക്ടർമാർ തങ്ങളുടെ നിസ്സഹായാവസ്ഥ തുറന്നുപറഞ്ഞുകൊണ്ട് നിങ്ങൾ ഇത്ര രൂപാ മുടക്കി സർജറിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങിത്തന്നാൽ ശസ്ത്രക്രിയ നടത്തിതരാം എന്നുതന്നെ പറയുന്നുണ്ട്.

എന്നാൽ സർക്കാരാശുപത്രികളിൽ അഭയം തേടുന്നവരെക്കൊണ്ട് താങ്ങാൻ കഴിയുന്ന തുകയല്ല മേജർ ശസ്തക്രിയാ ഉപകരണങ്ങൾക്ക് വേണ്ടി വരുന്നത്. ഈ ഒരു അപ്രിയസത്യം തുറന്നുപറഞ്ഞതിനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്. ഹാരീസിന് നേരെ സർക്കാർ പ്രതികാര നടപടികൾക്ക് മുതിർന്നത്. ഡോ. ഹാരീസ് ചൂണ്ടിക്കാട്ടിയ ഉപകരണക്ഷാമം അദ്ദേഹത്തിന്റെ യൂറോളജി വിഭാഗത്തിൽ മാത്രമുള്ളതോ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമുള്ളതോ ആയിരുന്നില്ല. അദ്ദേഹമത് പറയുമ്പോഴും ഇപ്പോഴും കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽപ്പോലും ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യമായ തോതിൽ ഇല്ല.

ഡോക്ടർ ഹാരീസിന്റെ വെളിപ്പെടുത്തൽ വലിയ വിവാദം ഉണ്ടായിട്ടും പ്രതിസന്ധി പരിഹരിക്കുന്നതിന് ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല എന്നത് സർക്കാരിന് ഈ വിഭാഗം ജനങ്ങളുടെ കാര്യത്തിൽ ഇത്രമാത്രം താൽപ്പര്യമേയുള്ളൂ എന്ന് വ്യക്തമാക്കുന്നതാണ്. തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള വലിയ ആഘോഷങ്ങൾക്കും പി.ആർ. പ്രവർത്തനങ്ങൾക്കും സർക്കാരിന് ഒരു സാമ്പത്തിക പ്രതിസന്ധിയുമില്ലെന്നുള്ളത് വളരെ പ്രകടമാണ് താനും.

സംസ്ഥാനത്തെ 21 സർക്കാർ ആശുപത്രികളിൽ നിന്നായി 158 കോടി കുടിശ്ശികയായതിനെ തുടർന്ന്, സെപ്റ്റംബർ ഒന്നാം തീയതി മുതൽ ഹൃദയശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾ ഉപകരണ വിതരണം നിർത്തിയിരുന്നു. എന്നിട്ടും കുടിശ്ശിക കിട്ടാത്ത സാഹചര്യത്തിൽ, ഏറ്റവും കൂടുതൽ കുടിശ്ശികയുള്ള ആശുപത്രികളിൽ നിന്ന് സ്റ്റോക്ക് തിരിച്ചെടുക്കുന്ന സ്ഥിതിയുമുണ്ടായി. ആരോഗ്യവകുപ്പിനെയും സർക്കാരിനെയും സംബന്ധിച്ച് ഇതിൽപ്പരം ഒരു നാണക്കേട് ഉണ്ടാകാനില്ല. കുടിശ്ശിക കുറേശ്ശെയായി തന്നുതീർക്കാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും, മുൻപ് ഇത്തരം ഉറപ്പുകൾ പാലിക്കാത്തതിനാൽ അവർക്കതിൽ വിശ്വാസമില്ല.

മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴി ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങൾ നൽകുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ കെ.എം.സി.സിക്ക് മരുന്നും ഉപകരണങ്ങളും നൽകിയ കമ്പനികൾക്ക് 2021 മുതലുള്ള 700 കോടിയോളം രൂപാ കെ.എം.സി.സി കൊടുക്കാനുള്ളപ്പോൾ അത് നടക്കുന്ന കാര്യമാണെന്ന് തോന്നുന്നില്ല. കമ്പനികൾക്കുള്ള കുടിശ്ശിക വൈകിയതിനാൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഗ്ലൗസ്, മാസ്‌ക്, സർജിക്കൽ ക്യാപ് എന്നിവ തീവ്രപരിചരണ വിഭാഗത്തിൽ പോലും ആവശ്യത്തിന് ലഭ്യമല്ല. ഇത് ഈ ആശുപത്രികളുമായി ബന്ധപ്പെട്ടുനിൽക്കുന്നവർക്കും അവിടെ ചികിത്സയ്ക്കായി ചെല്ലുന്നവർക്കും, വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നിരിക്കെ ഇടയ്ക്ക് കുറച്ചുതുക അനുവദിച്ചതുപറഞ്ഞും, ആരോഗ്യരംഗം രാജ്യത്ത് ഒന്നാമതാണെന്നുള്ള പതിവ് പല്ലവി നടത്തിയും മേനി നടിക്കുന്നത് പരിഹാസ്യമാണെന്ന് സർക്കാർ ഇനിയെങ്കിലും മനസ്സിലാക്കണം.

അല്ലെങ്കിൽ തന്നെ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കേരളത്തിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചികിത്സയ്ക്ക് ജനങ്ങൾ സ്വന്തം കയ്യിൽ നിന്നും പണം ചെലവഴിക്കുന്നതിൽ രണ്ടാം സ്ഥാനത്താണ് കേരളം. കേരളത്തിൽ ആരോഗ്യസംരക്ഷണത്തിന് സർക്കാർ സംഭാവന വളരെ കുറവാണെന്നും, ജനങ്ങൾ സ്വന്തം നിലയിലാണ് മുക്കാൽ ഭാഗവും ചെലവഴിക്കുന്നതെന്നുമാണ് ഏറ്റവും പുതിയ സി.എ.ജി റിപ്പോർട്ടിൽ പറയുന്നത്. അതിനൊന്നും മാർഗ്ഗമില്ലാതെ സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്ന പാവങ്ങളോട് സർക്കാർ കുറേക്കൂടി കരുണ കാണിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.